ഗദ്യസാഹിത്യചരിത്രം. പത്താമദ്ധ്യായം

ദൃശ്യകാവ്യപ്രസ്ഥാനം

ബി. തമിൾപ്രഭാവഘട്ടം

സംഗീതനാടകങ്ങൾ

ചവിട്ടുനാടകം: പാശ്ചാത്യരായ പോർട്ടുഗീസുകാരിൽനിന്നു കേരളീയർക്ക് ലഭിച്ച ഒരു സംഭാവനയാണു് ചവിട്ടുനാടകം. ഇന്നത്തെ നാടകത്തിൻ്റെ പൂർവ്വരൂപങ്ങൾ പലതും അവരുടെ നാടകങ്ങളിലാണ് നാം ആദ്യമായി കാണുന്നതു്. പുരാണപുരുഷന്മാരുടെ സ്ഥാനത്തു ചരിത്ര പുരുഷന്മാരെ പ്രവേശിപ്പിച്ചു കാണുന്നതു് ആവക നാടകങ്ങളിലത്രേ. പാശ്ചാത്യദേശങ്ങളിൽ പ്രചുരപ്രചാരത്തിലിരുന്ന ചില കഥകളാണു് പ്രസ്തുത നാടകത്തിലെ ഇതിവൃത്തം. യൂറോപ്പിലെ ചക്രവത്തിമാരും തുർക്കികളും തമ്മിൽ ഏറെക്കാലം ഭീകരയുദ്ധം നടത്തിയിരുന്നു. ഫ്രാൻസുരാജ്യം ഭരിച്ചിരുന്ന കാറൽമാൻ ചക്രവർത്തി (ചാൽസുമെയിൻ) റൊൾദോൻ (Roland) തുടങ്ങിയ ഏതാനും യുദ്ധവീരന്മരോടുകൂടി പലസ്റ്റീനിൽ ചെന്ന് അവധർമാൻ (അബ്രഹിമാൻ) തുടങ്ങിയ തുർക്കിത്തലവന്മാരുമായി സമരം ചെയ്യുന്നതും സമരത്തിൽ ശത്രുക്കളെ പരാജിതരാക്കി വെന്നിക്കൊടി പറപ്പിക്കുന്നതുമാണു് കാറൽമാൻ നാടകത്തിലെ കഥാവസ്തു. പ്രസ്തുത ഇതിവൃത്തത്തെ പശ്ചാത്തലമാക്കി അനേകം നാടകങ്ങൾ നിർമ്മിച്ചിട്ടുണ്ട്. കഥകളിയിലെപ്പോലെ യുദ്ധവീരമാണു് ഇവയിലെ പ്രധാനരസം. ചില അനുരാഗ കഥകളും ഇവയിൽ ഇടകലർത്താതിരുന്നിട്ടില്ല. കാറൽമാൻ ചക്രവർത്തിയുടെ ദിഗ്വിജയത്തെ ആസ്പദമാക്കിയുള്ള നാടകങ്ങൾക്കുപുറമേ, ജോസഫ് നാടകം, ജനോവാനാടകം, ഇസ്താക്കി നാടകം, ജ്ഞാനസുന്ദരി നാടകം തുടങ്ങിയ ഭക്തിസംവർദ്ധകങ്ങളായ നാടകങ്ങളും ചവിട്ടുനാടക ചക്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മലയാംതമിഴിലാണു് ഈവക നാടകങ്ങളിൽ അധികമെണ്ണവും എഴുതിയിട്ടുള്ളതു്. ചിന്നത്തമ്പി, വേദനായകൻപിള്ള തുടങ്ങിയ ചില തമിഴ്കവികളും കൊച്ചിയിലും കൊടുങ്ങല്ലൂരും അവയുടെ സമീപപ്രദേശങ്ങളിലും നിവസിച്ചിരുന്ന ക്രിസ്ത്യാനികളിൽ ചിലരുമാണു് ഇവയിൽ പലതിൻ്റേയും നിർമ്മാതാക്കൾ. ഏതൽസംബന്ധമായി സുപ്രസിദ്ധ നിരൂപകനായ സി. ജെ. തോമസ് പ്രസ്താവിച്ചിട്ടുള്ള ഒരു ഭാഗം ഇവിടെ ശ്രദ്ധേയമാണു്: