ദൃശ്യകാവ്യപ്രസ്ഥാനം
“വാസ്കോഡിഗാമായുടെ കൂടെ വന്ന കുടിയേറിപ്പാർപ്പുകാർ ഇവിടെ മിശ്രവിവാഹം ചെയ്കയും പുതിയ ജനവിഭാഗത്തെ – ഇന്നു പറങ്കികൾ എന്നു വിളിക്കപ്പെടുന്നവരെ – സൃഷ്ടിക്കുകയും ചെയ്തു. മതപരമായും വർഗ്ഗപരമായും സ്വന്തം നാട്ടിൽത്തന്നെ അന്യരായിത്തീർന്ന ഇവരാണു് യഥാർത്ഥത്തിൽ മലയാള നാടക പ്രസ്ഥാനത്തിനു ജീവൻ നല്കിയതു്. അന്നു് അവർ യൂറോപ്പിൽനിന്നും കടംവാങ്ങി മലയാളഭാഷയിൽ അനുകരിച്ചപല നാടകങ്ങളും ഇന്നും പ്രസിദ്ധമാണു്. അവയിൽ ഏറ്റവും പ്രസിദ്ധം ജനോവാ നാടകമാണു്. റോമൻ ചക്രവർത്തിയുടെ അപദാനങ്ങളെ പ്രകീർത്തിക്കുന്നതാണതു്. വ്യക്തമായ സംഘട്ടനങ്ങൾ ഉൾക്കൊള്ളുന്ന കഥ, നിഷ്പഷ്ടമായ പാത്രസൃഷ്ടി, സ്വാഭാവികതയെ മുൻനിറുത്തിയുള്ള അഭിനയം, രസകരമായ സംഭാഷണം. ഇങ്ങനെ നാടക കലയുടെ ഭംഗിയായ ഘടകങ്ങൾ എല്ലാം ജനോവാ നാടകം ഉൾക്കൊണ്ടിരുന്നു. രംഗവിധാനം, യവനിക, മുഖംമൂടി, വേഷഭൂഷാദികൾ മുതലായവയും ജനോവാ നാടകത്തിലാണു് ആദ്യം കാണുന്നതു്. യവനികയും, വേഷവിധാനവും കഥകളിയെ അനുകരിച്ചു ചെയ്തതാണെന്നു തോന്നുന്നുണ്ട്. ഇതു കൂടാതെ ഗ്രീക്കു നാടകത്തിലെ ‘കോറസ് ‘പോലെ നടക്കുന്ന സംഭവങ്ങളെപ്പറ്റി വിമർശനം നടത്തുന്ന, ഒരു വിദൂഷകനും ഉണ്ടായിരുന്നു. ഇയാൾ ആഭാസമായ ഫലിതംകൊണ്ടാണു് പ്രേക്ഷകരെ രസിപ്പിച്ചിരുന്നതെന്നൊരു വ്യത്യാസമുണ്ട്. അതു ചിലപ്പോൾ ഫ്രഞ്ച്, ബ്രിട്ടിഷ് പാരമ്പര്യങ്ങളെ അനുകരിച്ചായിരിക്കാം. മുടിയേറ്റിലേതുപോലെ ചില ഓട്ടങ്ങളും ചാട്ടങ്ങളുംകൊണ്ടാണു് ജനോവാ നാടകത്തിൽ യുദ്ധം കാണിക്കുന്നതു്. വളരെ താഴ്ന്ന തരത്തിലാണെങ്കിലും കുറെ പാട്ടുകളും ഈ നാടകത്തിലുണ്ടു്. മറ്റു കഥകളും നാടകവസ്തുക്കളായിട്ടുണ്ടു്. കാറൽമാൻ ചരിതം, ഷാർലിമെയിൻ ചക്രവത്തി സ്പെയിനിൽപ്പോയ കഥയെപ്പറ്റിയാണ്. റോളണ്ട് എന്ന വീരപുരുഷനാണു്” അതിലെ നായകൻ. പതിനൊന്നു ദിവസംകൊണ്ടുമാത്രം അഭിനയിച്ചു തീരുന്ന ‘നെപ്പോളിയൻ ചരിത്രം’ ഈയവസരത്തിൽ പ്രത്യേകം എടുത്തുപറയേണ്ട ഒന്നാണു്.’* (ഗ്രന്ഥാലോകം, 1125 കന്നി)
