ഗദ്യസാഹിത്യചരിത്രം. പത്താമദ്ധ്യായം

ദൃശ്യകാവ്യപ്രസ്ഥാനം

ചവിട്ടുനാടകവും കഥകളിയുമായി പല കാര്യങ്ങളിലും അത്യന്ത സാദൃശ്യം കാണുന്നുണ്ട്. തൽസംബന്ധമായി പദ്യസാഹിത്യ ചരിത്രത്തിൽ വിശദീകരിച്ചിട്ടുള്ളതുകൊണ്ടു് ഇവിടെ അധികമൊന്നും പ്രസ്താവിക്കുന്നില്ല. എന്നാൽ ഒരുകാര്യം പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. ചവിട്ടുനാടകം കുറെ അംശങ്ങളിലെല്ലാം കഥകളിയെ അനുകരിച്ചിട്ടുണ്ടെന്നുള്ളതാണതു്. കഥകളിയുടെ പുനരുജ്ജീവനഘട്ടമായ 9-ാംനൂറ്റാണ്ടിൻ്റെ ഉത്തരാർദ്ധത്തിൽ ഉൽപന്നമായ ചവിട്ടുനാടകം, കഥകളിയെ കുറെയൊക്കെ അനുകരിച്ചുവെങ്കിൽ അതിൽ അത്ഭുതമില്ല. പക്ഷേ, കഥകളിയുടെ സങ്കേതനിഷ്ഠ കൈവെടിഞ്ഞു് എല്ലാവർക്കും ഒന്നുപോലെ ഇരുന്നാസ്വദിക്കാവുന്ന ഒരരങ്ങു സൃഷ്ടിച്ചതു് ചവിട്ടുനാടകത്തിൻ്റെ വ്യക്തിത്വത്തെ പ്രദർശിപ്പിക്കുന്ന ഒരു പ്രത്യേകത തന്നെയായിരുന്നു. എന്നാൽ ജനകീയസ്വഭാവം പൂണ്ട ഈ ചവിട്ടുനാടകം എന്തുകൊണ്ട് കഥകളിയെപ്പോലെ ഇവിടെ വേരുറച്ചുനിന്നില്ല എന്നൊരു ചോദ്യമുത്ഭവിക്കാം. ഒന്നാമതു്, കേരളത്തിലെ സാംസ്‌കാരികാന്തരീക്ഷം സംസ്കൃത ഭാഷയുടെ മേൽക്കോയ്മയിലായിരുന്നു. ഭാഷയെ സംബന്ധിച്ചിടത്തോളം ചവിട്ടുനാടകം കേരളീയരിൽനിന്നു തെല്ലകന്നാണല്ലോ നിന്നിരുന്നതു്. ഉണ്ണായിയുടെ നളചരിതം പോലെയുള്ള ഉൽകൃഷ്ടകൃതികൾ ഇവിടെ ഉടലെടുത്തപ്പോൾ അവയെ വെല്ലുന്നതോ, അവയോടു കിടപിടിക്കുന്നതോ ആയ കലാരൂപങ്ങളൊന്നും ചവിട്ടുനാടകചക്രത്തിൽ കരുപ്പിടിക്കുവാൻ കരുത്തുള്ളവർ ഉണ്ടായതുമില്ല. മതപരമായിത്തന്നെ ചില നാടകങ്ങൾ പിന്നീടെഴുതിയവർപോലും സംസ്കൃതത്തിൻ്റെ പദ്ധതിയെ പിന്തുടരുവാനാണു ശ്രമിച്ചതു്. അങ്ങനെ വന്നപ്പോൾ ഈ നാടക പ്രസ്ഥാനത്തെ വളർത്തുവാൻ ആളില്ലെന്നായി, ജനങ്ങൾ പ്രോത്സാഹിപ്പിക്കാൻ കൂട്ടാക്കാത്ത ഒരു പ്രസ്ഥാനം, ജീവിക്കയുമില്ലല്ലോ. ചവിട്ടുനാടകത്തിന് ആ ഒരു നിലയാണു് ഇവിടെ വന്നുകൂടിയതു്. വസ്തുതകൾ ഇങ്ങനെയെല്ലാമാണെങ്കിലും, തമിൾ പ്രഭാവഘട്ടത്തിലെ ഏററവും ശ്രദ്ധേയമായ ഒരു പ്രസ്ഥാനമായിരുന്നു ചവിട്ടുനാടകം എന്നുള്ളതിൽ പക്ഷാന്തരമില്ല.