ഗദ്യസാഹിത്യചരിത്രം. പത്താമദ്ധ്യായം

ദൃശ്യകാവ്യപ്രസ്ഥാനം

കേശവപിള്ളയുടെ സംഗീത നാടകങ്ങൾ രാഘവമാധവം, സദാരാമ, വിക്രമോർവ്വശീയം എന്നിവയാകുന്നു. രാഘവമാധവത്തെപ്പറ്റി മുമ്പൊരിക്കൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ പ്രസ്തുതകൃതി, സാധാരണ നാടക സമ്പ്രദായത്തിൽ ശ്ലോകവും സംഭാഷണവുമായിട്ടാണു് ആദ്യം രചിച്ചതു്. പിന്നീടു് നാടകാഭിനയക്കാരുടെ പ്രേരണയാൽ സംഗീത നാടകമാക്കിത്തീർത്തിട്ടുള്ളതാണു്. ശ്രീകൃഷ്ണൻ, രുഗ്മിണിയുടേയും ഗരുഡൻ്റേയും അഹങ്കാരത്തെ ശമിപ്പിച്ചതാണു് അതിലെ ഇതിവൃത്തം. വായനക്കാരിലും സന്ദർശകരിലും സദാചാരബോധത്തെ ഉറപ്പിക്കണമെന്നുള്ളതാണു് അതിൻ്റെ നിർമ്മാണത്തിൽ ഗ്രന്ഥകാരനു മുഖ്യമായ ആദർശമായിട്ടുള്ളതെന്നു തോന്നുന്നു. സദാരാമ ‘സദാറാം’ എന്ന തമിഴ്‌ നാടകത്തെ സ്വതന്ത്രമായി പരിഷ്ക്കരിച്ചു നിർമ്മിച്ചിട്ടുള്ള ഒരു കൃതിയാകുന്നു. അതു ചങ്ങമ്പുഴയുടെ രമണനെപ്പോലെ ഒരുകാലത്തു് –1904-നോടടുത്ത ഒരു കാലത്തു –കേരളക്കര മുഴുവൻ പ്രചാരത്തിലെത്തിയ ഒരു കൃതിയാണു്. രമണനെപ്പോലെതന്നെ അതിനും ചുരുങ്ങിയ കാലത്തിനുള്ളിൽ പത്തു പതിനാറു പതിപ്പുകൾ പുറപ്പെടുവിക്കേണ്ടതായിവന്നു. കുടിൽ തൊട്ടു കൊട്ടാരംവരെ വ്യാപിച്ചിരുന്ന പ്രസ്തുത കൃതിയിലെ “ബാലികമാർ മാലികയാം നീലവേണി തവ കാന്തി” എന്നു തുടങ്ങിയ പല പാട്ടുകളും അനക്ഷരകുക്ഷികളായ ചെറുമക്കിടാങ്ങൾപോലും അക്കാലത്തു പാടിനടക്കുക പതിവായിരുന്നു. സംഗീതഭംഗിയാണു് സദാരാമയുടെ പ്രചുരപ്രചാരത്തിനു കാരണമായിത്തീർന്നിട്ടുള്ളതെന്ന വസ്തുതയും ഇവിടെ പ്രസ്താവയോഗ്യം തന്നെ. കുഞ്ഞിക്കുട്ടൻതമ്പുരാൻ്റെ ‘ശൃംഗാരചന്ദ്രിക’ എന്ന സംഗീതഭാഷാനാടകത്തെപ്പററി പ്രസ്താവിച്ചുകഴിഞ്ഞിട്ടുണ്ടല്ലോ. ആൻഡ്രൂവിൻ്റെ നാടകങ്ങളിൽ പ്രസിദ്ധമായതു ജ്ഞാനസുന്ദരിയാണു്. ഈ നാടകം അല്പകാലം മുമ്പുവരെ കേരളീയരെ ആകമാനം ആനന്ദസാഗരത്തിൽ ആറാടിച്ചുകൊണ്ടിരുന്നു. ആൻഡ്രൂവിൻ്റെ ക്രിസ്തുനാഥചരിതവും സുപ്രസിദ്ധമായ ഒരു സംഗീതനാടകമത്രേ. അച്യുതമേനോൻ, കെ. സി., ആൻഡ്രു, എന്നിവർ നാടകകർത്താക്കൾ എന്നപോലെതന്നെ നല്ല നടന്മാർ എന്ന നിലയിലും പ്രസിദ്ധിപെറ്റവരാണു്. ശബ്ദതാരാവലീകർത്താവായ ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെ കനകലതാസ്വയംവരവും, കുട്ടമത്തു കുഞ്ഞികൃഷ്ണക്കുറുപ്പിൻ്റെ ദേവയാനീചരിതവും, നല്ലൊരു നടനും നാടകസംഘ നേതാവുമായ ആർട്ടിസ്റ്റ് പി. ജെ. ചെറിയാൻ്റെ പ്രേമവിലാസിനി മുതലായ കൃതികളും ഈ അവസരത്തിൽ അനുസ്മരണീയങ്ങളാകുന്നു.