ദൃശ്യകാവ്യപ്രസ്ഥാനം
കേരള ബ്രാഹ്മണരുടെ സംഘക്കളിയിലും കേരളീയനാട്യകലയുടെ പൂർവ്വരൂപം പ്രത്യക്ഷപ്പെട്ടുകാണാതിരിക്കുന്നില്ല. അപ്പൻതമ്പുരാൻ തിരുമനസ്സുകൊണ്ടു പ്രസ്താവിക്കുന്നതുപോലെ മനോരാജ്യത്തിൽക്കൂടി പിടികിട്ടാപ്പടി പഴക്കവും പരുക്കും തട്ടി തേഞ്ഞുമാഞ്ഞു കേരളചരിത്രത്തിൽ മങ്ങിമറഞ്ഞു കിടക്കുന്ന ഒരു മാമൂൽ ഏർപ്പാടാണു് ഇതു്. സംഘക്കളി, യാത്രക്കളി, ശാസ്ത്രക്കളി (ശാസ്ത്രാങ്കം), സത്രക്കളി എന്നു തുടങ്ങിയ പല പേരുകളും ഇതിനു പറഞ്ഞുവരാറുണ്ട്. ഇതിൽ ആദ്യത്തെ ചടങ്ങായ നാലു പാദംകൊണ്ടുള്ള ഒരു ആരാധനയ്ക്കുശേഷം, നടന്മാർ വേഷമണിഞ്ഞു കാണികളുടെ മദ്ധ്യത്തിൽനിന്നു് അഭിനയം ആരംഭിക്കുന്നു. നാടകത്തിലെപ്പോലെ വേഷവിധാനം, അഭിനയം, സംഗീതം. സംഭാഷണം എന്നു തുടങ്ങിയ ചില ചടങ്ങുകൾ ഇതിലുമുണ്ട്. വേളി മുതലായ ആഘോഷങ്ങളിൽ ഇന്നും ഈ ദൃശ്യകലാപ്രകടനം നടന്നുവരുന്നുണ്ടു്.
കൂത്തും കൂടിയാട്ടവും കേരളബ്രാഹ്മണർ ഈശ്വരപൂജാർത്ഥം ആരംഭിച്ച മറ്റൊരു അഭിനയ പ്രസ്ഥാനമാണു്. ദ്രാവിഡരായ കേരളീയർക്ക് ആര്യന്മാരായ നമ്പൂരിമാരുടെനേരെ ബഹുമാനം ജനിപ്പിക്കത്തക്കവണ്ണം ആര്യമതതത്വങ്ങൾ പ്രചരിപ്പിക്കാൻ ഏർപ്പെടുത്തിയ ഒരു കലാപ്രസ്ഥാനമാണിതെന്നു ചിലർക്കഭിപ്രായമുണ്ട്. വശ്യവചസ്സുകളും മനോധർമ്മ കുശലന്മാരുമായ ചാക്യാന്മാർ സംസ്കൃതചമ്പുക്കളെ ആസ്പദമാക്കി ഇടയ്ക്കു ശ്ലോകം ചൊല്ലി വ്യാഖ്യാനിച്ചു് ശ്രോതാക്കളെ രസിപ്പിക്കുകയും കളിയാക്കുകയുമാണു് ഇതിൽ മുഖ്യമായി ചെയ്യുന്നതു്. കുലശേഖര ചക്രവർത്തിയുടെ സദസ്യനായിരുന്ന തോലൻ ഈ ആവശ്യത്തിലേക്കു് അനവധി ഛായാ ശ്ലോകങ്ങൾ നിർമ്മിച്ചിട്ടുണ്ടു്. മേൽപ്പത്തൂർ ഭട്ടതിരിയുടെ രാജസൂയം മുതലായ പ്രബന്ധങ്ങളും ചാക്യാന്മാർ ഉപയോഗിച്ചിരുന്ന വേഷം, അഭിനയം, വാദ്യം മുതലായ നാട്യോപകരണങ്ങൾ കൂത്തിലും കൂടിയാട്ടത്തിലും സ്വീകരിച്ചിട്ടുണ്ടു്. പാഠകം ചാക്യാന്മാർക്ക് പകരം നമ്പ്യാന്മാർ നടത്തിവരുന്ന, കൂത്തിൻ്റെ ഒരു പ്രതിരൂപം മാത്രമാകയാൽ അതിനേപ്പറ്റി പ്രത്യേകം പ്രസ്താവിക്കേണ്ടതായിട്ടില്ല.
