ദൃശ്യകാവ്യപ്രസ്ഥാനം
ലക്ഷ്മീകല്യാണം: അഞ്ചങ്കത്തിലുള്ള ഒരു നാടകമാണു് കെ. സി. യുടെ ‘ലക്ഷ്മീകല്യാണം’. പരമാനുരാഗത്താൽ പരസ്പരം ഇണങ്ങുന്ന വധു വരന്മാരുടെ വിവാഹം സർവ്വഥാ ആദരണീയമാണെന്നും, അല്ലാതുള്ളതു് ആപല്ക്കരമാണെന്നും ഉള്ള ഒരാദർശത്തെ നാടകത്തിലെ നായികാനായകന്മാരായ ലക്ഷ്മീകൃഷ്ണന്മാരുടെ വിവാഹം വഴിക്കു വിളംബരം ചെയ്യുന്നു. ‘അഭിജ്ഞന്മാരുടെ ഇടയിൽ നടക്കുന്ന ചില ദുരാചാരങ്ങളുടെ ത്യാജ്യതയെ വെളിപ്പെടുത്താനും’ കവി അതിൽ അവസരോചിതമായി യത്നിച്ചിട്ടുണ്ട്.
“ദുരാചാരൗഘമലിനം–ദുർമ്മാർഗ്ഗം കൈവെടിഞ്ഞുടൻ
സൽപരിഷ്ക്കാരസന്മാർഗ്ഗം–സർവ്വരും സ്വീകരിക്കുവാൻ”
സർവ്വപ്രകാരേണയും പ്രേരണ നൽകുന്ന ഒന്നാണു് പ്രസ്തുത നാടകം. സമുദായ പരിഷ്കാരത്തിൽ ‘ഇന്ദുലേഖ’യെപ്പോലെ പുതിയൊരു സരണിയെ ഇതും വിഭാവനം ചെയ്യുന്നു. ലക്ഷ്മീകല്യാണം നാടകം, അതിൻ്റെ ശില്പ വിധാനത്താലും അതിലെ കവിതാസാരള്യത്താലും അതീവ ആകർഷകമെന്നേ പറയേണ്ടു. അതിലെ ഒരു പദ്യം മാത്രം ഇവിടെ ഉദ്ധരിക്കാം:
“പ്രാണാന്തത്തോളമെത്തും സുഖമസുഖവും
പങ്കുകൊണ്ടങ്കരിക്കും
പ്രാണപ്രേമംകലർന്നങ്ങനെ വരസഖിയായ്
ബുദ്ധിയെത്താത്തദിക്കിൽ
വേണുമ്പോൽ വല്ലഭന്നായ് വിനയമൊടുപദേ–
ശങ്ങൾചൊല്ലി പ്രഭാവാൽ
വാണീടാനുള്ള ഭാര്യയ്ക്കറിവകമതിലി–
ല്ലെങ്കിലെന്താണു സൗഖ്യം?”
കോഴിക്കോട്ടു മാനവിക്രമ ഏട്ടൻതമ്പുരാൻ ഈ നാടകം സംസ്കൃതത്തിലേക്കു തർജ്ജമ ചെയ്തിട്ടുണ്ട്.
