ഗദ്യസാഹിത്യചരിത്രം. പത്താമദ്ധ്യായം

ദൃശ്യകാവ്യപ്രസ്ഥാനം

മറിയാമ്മ നാടകം: കൊച്ചീപ്പൻ തരകൻ്റെ മറിയാമ്മ നാടകവും ലക്ഷ്മീകല്യാണം പോലെതന്നെ ഒരു സാമുദായിക പ്രശ്നത്തിൻ്റെ ആവിഷ്കരണമാണു്. കുടുംബജീവിതത്തിലെ അനേകം വിഷമതകൾ – അമ്മായിഅമ്മപ്പോരു്, സ്ത്രീധന സമ്പ്രദായത്തിൻ്റെ വൈകല്യം തുടങ്ങിയവ – തന്മയത്വത്തോടുകൂടി പ്രസ്തുത നാടകത്തിൽ ചിത്രീകരിച്ചിരിക്കുന്നു. എങ്കിലും അമ്മായിഅമ്മപ്പോരിൻ്റെ ഹേയതയേയാണു്. നാടക കർത്താവു് അതിൽ പ്രധാനമായും ലക്ഷീകരിച്ചിട്ടുള്ളതു്. നാകത്തെ നരകമാക്കുന്ന – കുടുംബ ജീവിതത്തിൻ്റെ സുഖത്തേയും സ്വൈര്യതയേയും കെടുത്തുന്നു – ആ അസംസ്കൃത നടപടി ഇന്നും ചില കുടുംബങ്ങളിലെങ്കിലും അവശേഷിച്ചു നിലകൊള്ളുന്നുണ്ടു്, നാടകത്തിലെ തൊമ്മച്ചൻ വായനക്കാരുടെ മനസ്സിൽ എന്നും അവശേഷിക്കുന്ന ഒരു സചേതന ചിത്രമാണു്.

“നാരങ്ങാക്കറിവെച്ചു ഞാനതിനസാ-
രംകൂടിയപ്പേന്തിയ-
ന്നേരത്തമ്മയെടുത്തു ചട്ടിയൊടതെൻ
മണ്ടയ്ക്കടിച്ചീടിനാൾ.”

“ഉപ്പിൽക്കിടന്ന പഴമാങ്ങയെടുത്തു നാത്തൂ-
നപ്പൻകിടന്നമുറിതന്നിലൊളിച്ചുവെച്ചു”

എന്നിങ്ങനെയുള്ള മറിയാമ്മയുടെ വിലാപഗാനങ്ങളും മററും ഈ ഘട്ടത്തിൽ സ്മരണയിൽ വന്നുചേരുന്നു.