ഗദ്യസാഹിത്യചരിത്രം. പത്താമദ്ധ്യായം

ദൃശ്യകാവ്യപ്രസ്ഥാനം

ബാലാകലേശം: മൂന്നങ്കത്തിലുള്ള ഒരു രൂപകമാണു്. കെ. പി. കറുപ്പൻ്റെ ബാലാകലേശം. ബാലാ-കൊച്ചി, കൊച്ചിരാജ്യമാണു് അതിലെ നായിക. കലേശൻ – രാജാവു് അതിലെ നായകനും. സ്ഥാന ത്യാഗം ചെയ്ത കൊച്ചി വലിയതമ്പുരാൻ്റെ ഷഷ്ട്യബ്ദപൂർത്തി പ്രമാണിച്ച് ഏതാനും ദിവസങ്ങൾകൊണ്ടു് എഴുതിയതും, റാവുസാഹിബ് നമ്പെരുമാൾച്ചെട്ടിയുടെ സമ്മാനത്തിന്നർഹമായിത്തീർന്നതുമാണു് പ്രസ്തുത നാടകം. ബാലാകലേശം സംബന്ധിച്ചു് ആയിടെ നടന്ന വാദകോലാഹലങ്ങൾ സമാഹരിച്ചു ‘ബാലാകലേശവാദം’ എന്ന പേരിൽ ഒരു കൃതി കുന്നങ്കുളത്തുനിന്ന് 1090-ൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയമായും സാമൂഹ്യമായും വരുത്തേണ്ട പരിവർത്തനങ്ങളെ കവി കലാഭംഗിയോടുകൂടി അതിൽ ചിത്രീകരിച്ചിരിക്കുന്നു. കൊച്ചിയിലെ ഭരണം ഇനിയും കാലോചിതമായി മുന്നേറണമെന്നും, വിദേശത്തുനിന്നു് ഉദ്യോഗസ്ഥന്മാരെ ഇറക്കുമതി ചെയ്യുന്ന സമ്പ്രദായം കുറയ്ക്കണമെന്നും, അധഃകൃതർക്കു വിദ്യാഭ്യാസവും സ്വാതന്ത്ര്യവും നല്കി അവരെ വളർത്തേണ്ടതാവശ്യമാണെന്നും. ഭരണകാര്യങ്ങളിൽ ജനസാമാന്യത്തിൻ്റെ അഭിലാഷമറിയണമെന്നും, തീണ്ടൽ തൊടീൽ മുതലായ ദുരാചാരങ്ങളെ നിയമംമൂലം തടയണമെന്നും അതു ലംഘിക്കുന്നവരെ കഠിനമായി ശിക്ഷിക്കണമെന്നും. കാലത്തിൻ്റെ വളർച്ചക്കൊത്തു സമുദായങ്ങളുടെ ആചാരവിചാരങ്ങളിൽ മാറ്റം വരണമെന്നും മറ്റുമുള്ള ഏറ്റവും പുരോഗമനപരമായ ആശയങ്ങളാണ് ആ നാടകത്തിൻ്റെ കേന്ദ്രലക്ഷ്യം. അന്നത്തെ കാലഘട്ടത്തിൻ്റെ നിലയ്ക്കു വമ്പിച്ച ഒരു വിചാരവിപ്ലവമാണു് ആ നാടകം വഴി കുറുപ്പൻ ഭാഷാസാഹിത്യത്തിൽ ഉൽഘാടനം ചെയ്തതെന്നു പറയുന്നതിൽ തെറ്റില്ല.

ശ്ലേഷം, സമാസോക്തി മുതലായ അലങ്കാരങ്ങൾ പ്രയോഗിച്ചു സ്വാദ്ദേശ്യം നിറവേറ്റാൻ കവി നാടകത്തിൽ ചെയ്തിട്ടുള്ള യത്നം സർവ്വഥാ സഫലമായിട്ടുമുണ്ടു്. വിദേശത്തുനിന്നു വരുത്തുന്ന വലിയ ഉദ്യോഗസ്ഥന്മാർക്കും (കിളികൾക്കും) ഇന്നാട്ടിലെ ഉദ്യോഗസ്ഥന്മാർക്കും (കിളികീടങ്ങൾക്കും) തമ്മിലുള്ള അന്തരം നായികയായ ബാലയെക്കൊണ്ടു വ്യക്താമക്കുന്നതു നോക്കുക:

“ദിക്കാലങ്ങളറിഞ്ഞുകൂട നിയതം
തൻനാട്ടിലെക്കൂട്ടിലാ–
ണുൾക്കാമ്പാക്കിളികൾക്കു തീറ്റിവകയാ–
യൊട്ടല്ല നഷ്ടം പ്രഭോ! മുക്കാലും ചടവേറ്റിടുമ്പൊളിവിടം
കൈവിട്ടുപോകുന്നു, പൊൻ–
തൃക്കാലാർന്ന കിളിക്കിടാങ്ങളിതുപോ–
ലാവില്ല മേ വല്ലഭാ!”