ദൃശ്യകാവ്യപ്രസ്ഥാനം
ആംഗ്ലേയ സാഹിത്യത്തിലെ ചില പ്രവണതകളാണു്, ഇത്തരം പുതിയ നാടകങ്ങൾക്കു വഴിതെളിച്ചതെന്ന വസ്തുത അവിതർക്കിതമാണു്. എന്നാൽ അവയിലെ ആശയങ്ങളുടേയും ആദർശങ്ങളുടേയും ആന്തരശക്തി മാമൂലിൽ ബന്ധിച്ചു കിടന്നിരുന്ന അന്നത്തെ ലോകത്തിൽ അധികം പേരും അറിയുകയോ ആദരിക്കയോ ചെയ്തില്ലെന്നു മാത്രമേയുള്ളു. അത്തരം ഒരന്തരീക്ഷമായിരുന്നതുതന്നെയാണു്, മറിയാമ്മ നാടകം പോലെയുള്ള കൃതികൾ അക്കാലങ്ങളിൽ അധികം ഉത്ഭവിക്കാതിരിക്കാനും കാരണം. എന്നാൽ ഇന്നു് അത്തരം മാമൂലുകളേയും പരിതഃസ്ഥിതികളേയും തകർക്കുന്ന ആശയങ്ങളുടേയും ആദർശങ്ങളുടേയും സ്വതന്ത്ര വിഹാര കാലമായിത്തിർന്നിരിക്കയാണെന്നു പറയേണ്ടതില്ലല്ലൊ *(കറുപ്പൻ –1060, ഇടവം 12-നു് ചേരാനല്ലൂർ ദേശത്തു കണ്ടത്തിപ്പറമ്പ് എന്ന ഗൃഹത്തിൽ ജനിച്ചു. അത്തോപ്പൂജാരി എന്ന അപരാഭിധാനത്താൽ അറിയപ്പെട്ടിരുന്ന അയ്യനും കൊച്ചുപെണ്ണുമായിരുന്നു അച്ഛനമ്മമാർ. 1113, മീനം 10-ന് കഥാപുരുഷൻ എറണാകുളത്തുള്ള തൻ്റെ വാസസ്ഥാനമായ സാഹിത്യകുടീരത്തിൽവച്ചു ദിവംഗതനായി).
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ രവിവർമ്മവിജയം, കുചേലഗോപാലം, മദനസേന ചരിതം മുതലായവയും, കട്ടക്കയത്തിൽ ചെറിയാൻ മാപ്പിളയുടെ യൂദജീവേശ്വരി, കലാവതി മുതലായവയും, തോട്ടയ്ക്കാട്ട് ഇക്കാവമ്മയുടെ സുഭദ്രാർജ്ജുനം, നടുവത്ത് അച്ഛൻ നമ്പൂരിയുടെ ഭഗവദുതു്, എടമരത്തു സെബാസ്റ്റ്യൻ്റെ വിഭുപ്രഭാവോദയം തുടങ്ങിയവയും മലയാളത്തിലെ സ്വതന്ത്ര നാടകങ്ങളിൽ മുഖ്യമായി പറയാവുന്നവയത്രെ. ഇതുപോലെ പേർ പറയത്തക്ക കൃതികൾ ഇനിയും ചിലതുണ്ടെന്നുള്ളതു വിസ്മരിക്കുന്നില്ല. എന്നാൽ സ്വതന്ത്ര നാടകങ്ങൾ മിക്കവയും തർജ്ജമകളെപ്പോലെ പരിപുഷ്ടാശയങ്ങളോ ലക്ഷണപൂർണ്ണങ്ങളോ ആണെന്നു സമ്മതിക്കുവാൻ നിവൃർത്തിയില്ലെന്നുള്ളതും ഇവിടെ പറയേണ്ടതുണ്ടു്.
