ഗദ്യസാഹിത്യചരിത്രം. പത്താമദ്ധ്യായം

ദൃശ്യകാവ്യപ്രസ്ഥാനം

കോഴിക്കോട്ടു സാമൂതിരി, കൃഷ്ണനാട്ടം ചമയ്ക്കുവാൻ പ്രേരിതനായിത്തീർന്നതു് അഷ്ടപദിയാട്ടത്തെ അടിസ്ഥാനമാക്കിയാണെന്നൊരു പക്ഷമുണ്ടു്. കൃഷ്ണനാട്ടത്തിൻ്റെ കാലംമുതൽ കേരളീയദൃശ്യകലയിൽ സംഭാഷണത്തേക്കാൾ ആംഗ്യത്തിനും അഭിനയത്തിനും കൂടുതൽ പ്രാധാന്യം സിദ്ധിച്ചുതുടങ്ങി. കോഴിക്കോട്ടു തമ്പുരാനുമായുണ്ടായ മത്സരം – കോഴിക്കോട്ടുതമ്പുരാൻ കൊട്ടാരക്കരത്തമ്പുരാൻ്റെ പിൻഗാമിയാണെന്നുള്ളവാദം അങ്ങനെ നിൽക്കട്ടെ. കൊട്ടാരക്കരത്തമ്പുരാനെ കൃഷ്ണനാട്ടത്തിനു പകരം രാമനാട്ടം നിർമ്മിക്കുവാൻ പ്രേരിപ്പിച്ചുവെന്നാണ് ഐതിഹ്യം. രാമനാട്ടം നിർമ്മിച്ച കാലത്തെ അഭിനയരീതി ഇന്നത്തെ മട്ടിലല്ലായിരുന്നു. പാളകൊണ്ടുണ്ടാക്കിയ മുഖങ്ങൾ വെച്ചുകെട്ടിയായിരുന്നുവത്രെ അന്നു് അഭിനയിച്ചിരുന്നത്. പാട്ടും ആട്ടവും നടന്മാർ തന്നെ നിർവ്വഹിച്ചുവന്നു. കുപ്പായം, കിരീടം മുതലായവയുടെ ആകൃതിയും ഇന്നത്തേതിൽ നിന്നും വളരെ ഭിന്നമായിരുന്നു. അന്നത്തെ വേഷവിധാനത്തിലും മറ്റും കപ്ലിങ്ങാട്ടുനമ്പൂതിരി ചില പരിഷ്കാരങ്ങൾ ചെയ്തു. പാട്ട്, അഭിനയം എന്നിവയിൽ ചില പരിഷ്കാരങ്ങൾ വരുത്തി കല്ലടിക്കോട്ട് നമ്പൂതിരി കല്ലടിക്കോടൻ രീതിയും ഏർപ്പെടുത്തി. ഇങ്ങനെ രാമനാട്ടത്തിനു പുരോഗമനപരമായ ചില പരിവർത്തനങ്ങൾ കാലക്രമംകൊണ്ടു വന്നുചേർന്നു. ഇന്നത്തെ കഥകളിയുടെ അഥവാ ആട്ടക്കഥയുടെ, പരിഷ്കൃത പശ്ചാത്തലം മേല്പറഞ്ഞ കലാരസികന്മാരാണ് ഉറപ്പിച്ചിട്ടുള്ളതെന്നു പറയാം. കോട്ടയത്തു തമ്പുരാൻ, ഉണ്ണായിവാര്യർ, ഇരയിമ്മൻതമ്പി മുതലായവരുടെ ആട്ടക്കഥാനിർമ്മിതിയോടുകൂടി ഈ ദൃശ്യകലാവിഭാഗത്തിൻ്റെ സംഗീത സാഹിത്യങ്ങൾക്കു പുഷ്ടിയും വർദ്ധിച്ചു. വള്ളത്തോളിൻ്റെ മേൽനോട്ടത്തിൽ കേരള കലാമണ്ഡല പ്രവത്തകർ വേഷവിധാനങ്ങളിലും മറ്റു കുറച്ചുകൂടി സ്വാതന്ത്ര്യം കൈക്കൊണ്ടതോടുകൂടെ ഈ കേരളീയ നൃത്യകലയുടെ – ദൃശ്യകലയുടെ – പരിഷ്കരണവും അതിൻ്റെ പരമാവധിയെ പ്രാപിച്ചു ഇന്നു് അങ്ങനെ നിലകൊള്ളുകയാണു്. കേരളീയ ദൃശ്യകലയുടെ ആഗമനവും അഭിവൃദ്ധിയും ഈ രൂപത്തിലാണ് തിരിഞ്ഞുനോക്കിയാൽ നമുക്കു കാണുവാൻ കഴിയുന്നതു്.