ഗദ്യസാഹിത്യചരിത്രം. പത്താമദ്ധ്യായം

ദൃശ്യകാവ്യപ്രസ്ഥാനം

കേരളീയഭാഷാശാകുന്തളവും മററു ശാകുന്തളതർജ്ജമകളും: എന്നാൽ ‘കേരളീയഭാഷാശാകുന്തളം’ സംസ്കൃത പ്രചുരമായിപ്പോയി എന്നൊരാക്ഷേപം ജനങ്ങളുടെയിടയിൽ ക്രമേണ പരന്നു. തൽപരിഹാരാർത്ഥം 1067-ൽ ആയിരുന്നുവെന്നു തോന്നുന്നു, പ്രസ്തുത പരിഭാഷയെ കുറച്ചു കൂടി ലഘുപ്പെടുത്തി ‘മണിപ്രവാളശാകുന്തളം’ എന്ന പേരിൽ കേരളവർമ്മ വീണ്ടും പ്രസിദ്ധപ്പെടുത്തി. എങ്കിലും സുകുമാരമതികളായ വിദ്യാർത്ഥികൾക്കും സാധാരണന്മാക്കും അതു പോരെന്നുള്ള കാരണത്താൽ അവിടുത്തെ പ്രിയഭാഗിനേയനും ശിഷ്യാഗ്രഗണ്യനുമായ ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ, ‘മലയാളശാകുന്തളം’ എന്ന പേരിൽ അതിനൊരു പുതിയ തർജ്ജമ പ്രസിദ്ധപ്പെടുത്തി. അക്കാലത്തുതന്നെ പി. ജി. രാമയ്യർ തുടങ്ങിയ മാറ്റനേകം കവികളും ശാകുന്തളത്തിനു് ഓരോ തർജ്ജമകൾ ചെയ്യാതിരുന്നില്ല. ഈ അടുത്ത കാലത്തു് ആറ്റൂർ കൃഷ്ണപ്പിഷാരടിയും വള്ളത്തോൾ നാരായണമേനോനും യഥാക്രമം ‘കേരളശാകുന്തളം’, ‘അഭിജ്ഞാനശാകുന്തളം’ എന്നീ നാമധേയങ്ങളിൽ പ്രസ്തുത കൃതി വിവർത്തനം ചെയ്തിട്ടുണ്ട്. സംസ്കൃത നാടകത്തിനു ഗ്രന്ഥാക്ഷരപാഠം, ബംഗാളപാഠം, കേരളപാഠം, കാശീപാഠം, കാശ്മീരപാഠം എന്നുതുടങ്ങി പല പാഠഭേദങ്ങളുള്ളതിൽ കേരളപാഠത്തെ അവലംബിച്ചു ചെയ്തിട്ടുള്ള ഒരു തർജ്ജമയാണു് ആറ്റൂരിൻ്റെ കേരളശാകുന്തളം. ഇതിനു മറ്റു പാഠങ്ങളെ അപേക്ഷിച്ചു കൂടുതൽ ഔചിത്യമുണ്ടെന്നു വിവർത്തകൻ അവകാശപ്പെടുന്നു. “കേരള കാളിദാസൻ്റെ ഓജസ്വിയായ ഉദ്ധതബന്ധം, സാക്ഷാൽ കാളിദാസൻ്റെ പ്രസന്നമധുരമായ വൈദർഭിരീതിക്കുതിരെ യോജിക്കാത്തതാകയാൽ അദ്ദേഹത്തിൻ്റെ പരിഭാഷയിൽ പലേടത്തും മൂലത്തിലെ മനോഹരങ്ങളായ ആശയങ്ങളും മധുരങ്ങളായ ഭാവങ്ങളും വേണ്ടതുപോലെ സ്‌പുരിക്കുവാൻ ഇടയാകാതെപോയിട്ടുണ്ട്. അതിനാൽ അവയെ കഴിയുന്നത്ര പരിഹരിക്കുവാൻ കാളിദാസൻ്റെ കാലടിപ്പാടുകളെ പിന്തുടരുന്ന വള്ളത്തോളിൻ്റെ അനവദ്യസുന്ദരമായ രചനാ സൗന്ദര്യത്തിനു അഭിജ്ഞാനശാകുന്തളത്തിൽ സാധിച്ചിട്ടുണ്ടെന്നു സഹൃദയനായ സി. എസ്സ്. നായർ – അതിൻ്റെ അവതാരികാകാരൻ – അഭിപ്രായപ്പെടുന്നു. ഇതുപോലെ ഓരോ വിവർത്തനത്തെപ്പറ്റിയും വിവർത്തകന്മാർക്കും അവതാരികാകാരന്മാർക്കും ഓരോന്നു് അവകാശപ്പെടുവാനുണ്ടായിരിക്കും. ശാകുന്തളത്തിനു ഗദ്യ പദ്യ രൂപത്തിലായി ഇതിനകം ഇരുപതിലേറെ വിവർത്തനങ്ങൾ മലയാളത്തിൽ ഉണ്ടായിക്കഴിഞ്ഞിട്ടുണ്ടു്. അവയിൽ ഈ എഴുത്തുകാരനു കാണുവാനും പരിചയപ്പെട്ടവാനും കഴിഞ്ഞിട്ടുള്ളവയുടെ പേർ വിവരം താഴെ കുറിക്കുന്നു: