അദ്ധ്യായം 7. മഹാകവി കുഞ്ചൻ നമ്പ്യാർ

നമ്പ്യാരുടെ പൊടിക്കൈകൾ

“പരിഹാസ പുതുപ്പനീർച്ചെടിക്കെടൊ
ചിരിയത്രേ പുല്പം; ശകാരംമുള്ളുതാൻ!”

കുഞ്ചൻനമ്പ്യാർ തുള്ളൽക്കഥകളിൽ പ്രയോഗിച്ചിട്ടുള്ള ഫലിതോക്തികളെപ്പറ്റി മുന്നദ്ധ്യായത്തിൽ വിവരിച്ചിട്ടുണ്ടല്ലൊ. എന്നാൽ അത്രത്തോളംതന്നെ പ്രാധാന്യമില്ലെങ്കിലും, സന്ദർഭവിശേഷംകൊണ്ട് അവയേക്കാൾ രസനിഷ്യന്ദികളായി തോന്നുന്ന ചില ഫലിതങ്ങൾ, നമ്പ്യാർ അമ്പലപ്പുഴയും തിരുവനന്തപുരത്തും താമസിച്ചിരുന്നകാലത്തു പ്രയോഗിച്ചിട്ടുള്ളതായി കേട്ടുകേൾവിയുണ്ട്. അവയെയാണു നമ്പ്യാരുടെ പൊടിക്കൈകൾ എന്ന പേരിൽ ഇവിടെ പ്രതിപാദിക്കുവാൻ തുടങ്ങുന്നത്.

മനുഷ്യമനസ്സ് എല്ലായ്പ്പോഴും ആനന്ദത്തെ അഭിലഷിച്ചുകൊണ്ടിരിക്കുന്നുചെന്നുള്ളത് നമുക്കനുഭവമാണല്ലൊ. മനസ്സിൻ്റെ ഈ തൃഷ്ണയെ മനസ്സിലാക്കി മനുഷ്യാത്മാവ് ആനന്ദസ്വരൂപനാണെന്നുകൂടി വേദാന്തികളിൽ ചിലർ നിർണ്ണയിച്ചിട്ടുണ്ട്. ഉല്ലാസത്തേയും, ഉന്മേഷത്തേയും മനുഷ്യമനസ്സിന് അനുഭവയോഗ്യമാക്കിത്തീർക്കുന്ന വിഷയത്തിൽ ഫലിതോക്തിയോളം ശക്തി മറെറാന്നിനും ഇല്ലതന്നെ. പുരാതന കാലങ്ങളിൽ രാജാക്കന്മാർ ഫലിത പ്രയോഗചതുരന്മാരായ വിദൂഷകന്മാരെ സന്തത സഹചാരികളായി ഏർപ്പെടുത്തിയിരുന്നതിൻ്റെ രഹസ്യം ഇതുതന്നെയായിരുന്നു. കുലശേഖര ചക്രവർത്തിയുടെ സഹചാരിയായിരുന്ന തോലൻ്റെ കഥ പ്രസിദ്ധമാണല്ലോ. ശാകുന്തളത്തിലെ മാഢവ്യനും, സ്വപ്‌നവാസവദത്തയിലെ വസന്തകനും അനുവാചകന്മാരുടെ സ്മൃ‌തിപഥത്തിൽനിന്ന് ഒരിക്കലും മറഞ്ഞുമാറുകയില്ല. അവർ എന്നും വായനക്കാരുടെ പ്രീതി ഭാജനങ്ങളത്രേ.