അദ്ധ്യായം 7. മഹാകവി കുഞ്ചൻ നമ്പ്യാർ

നമ്പ്യാരുടെ പൊടിക്കൈകൾ

എന്നാൽ ഈ ശുഭനില നമ്പ്യാർക്ക് അധികനാൾ അനുഭവിക്കാൻ കഴിഞ്ഞില്ല. കൊട്ടാരം സേവകന്മാരിൽ ചിലർക്കു നമ്പ്യാരുടെനേരേ അസൂയ മുഴുത്തു. ഏഷണിക്ക് എവിടെയും സ്ഥാനമുണ്ടല്ലൊ. വിശേഷിച്ചു രാജധാനികളിൽ അതിനു പ്രത്യേകസ്ഥാനവുമുണ്ടു്. ഒരിക്കൽ മഹാരാജാവിനു നമ്പ്യാരുടെപേരിൽ എങ്ങനെയോ അല്പം തിരുവള്ളക്കേടുണ്ടായി. ഇതുതന്നെ തരമെന്നുകണ്ടു രന്ധ്റപ്രതീക്ഷികളായ ആ ഏഷണിക്കാർ നമ്പ്യാരെപ്പറ്റി പലവിധ അപവാദങ്ങൾ തക്കവും തരവും നോക്കി തിരുമനസ്സറിയിച്ചുതുടങ്ങി. രാജസേവ മൂർച്ചയുള്ള കത്തി ലേഹനം ചെയ്യുന്നതുപോലെയും മൂർഖപ്പാമ്പിൻ്റെ മുഖം ചുംബനം ചെയ്യുന്നതുപോലെയും ആപൽക്കരമായുള്ള ഒന്നാണല്ലൊ. ഏഷണിക്കാരായ സേവകന്മാരാൽ വഞ്ചിതനായതുമൂലം രുഷ്ടനായിത്തീർന്നു മഹാരാജാവ്, നമ്പ്യാർക്കു രാജധാനിയിൽ നിന്നുള്ള യാതൊരു പതിവും കൊടുത്തുകൂടെന്നു കല്പനയുമായി. അത്രതന്നെയുമല്ല, നമ്പ്യാരെ തിരുമുമ്പിൽ കാണു വാൻപാടില്ലെന്നു കൂടെയും വിരോധിച്ചു. ഈ വിഷമസ്ഥിതിയിൽ നമ്പ്യാർ നന്നേ കുഴങ്ങി എന്നു പറയേണ്ടതില്ലല്ലോ.