നമ്പ്യാരുടെ പൊടിക്കൈകൾ
“ഇന്നതു പ്രയോഗിച്ചാൽ കോപിക്കും മഹീപതി
ഇന്നതു പ്രയോഗിച്ചാൽ മന്നവൻ പ്രസാദിക്കും”
എന്നുള്ള സേവാപ്രമാണം നല്ല നിശ്ചയമുണ്ടായിരുന്ന നമ്പ്യാർ രാജകോപം അല്പം ശമിക്കുന്നതുവരെ “വിധി വിധിച്ചതിപ്രാണികൾക്കൊക്കവേ ഹിതമഹിതമെങ്കിലും ലംഘ്യമല്ലേതുമേ“ എന്നു സമാധാനിച്ചു് അടങ്ങിപ്പാർക്കുകതന്നെ ചെയ്തു. ഇങ്ങനെ ദിവസങ്ങൾ ഏതാനും കഴിഞ്ഞുകൂടിയശേഷം ഒരുദിവസം ദ്വയാർത്ഥപ്രയോഗമുള്ള ഒരു ശ്ലോകമെഴുതി നമ്പ്യാർ തിരുമുമ്പാകെ അടിയറവയ്ക്കാൻ കൊടുത്തയച്ചു. ആ ശ്ലോകം ഇങ്ങനെയായിരുന്നു:-
“പൂജ്യസ്ത്വം സുജനൈരഹഞ്ച വടുഭിഃ ശത്രുക്കളാലന്വഹം
കേറാൻ വാരണമുണ്ടു തേ, മമ യഹോ കൊട്ടാരവാതുക്കലും
ഒട്ടും തന്നരിയില്ലതേ, മമ തഥാപൃഷ്ടിക്കു കുപ്പാട്ടിലും
സേവിച്ചിട്ടടിയൻ ചിരേണ നൃപതേ! തത്തുല്യനായിടിനേൻ.“
അല്ലയോ മഹാരാജാവേ, അവിടുന്നു വടുക്കൾ (ബ്രഹ്മചാരികൾ) ആയ സജ്ജനങ്ങളാൽ പ്രതിദിനം പൂജ്യനാണു്’: ഞാനും വടുക്കൾ (അടികൊണ്ടു ശരീരത്തിലുണ്ടാകുന്ന ഓരോ പാടുകൾ) ആയ ശത്രുക്കളാൽ അനുദിനം പൂജ്യനാണു്’. അങ്ങേയ്ക്കു കയറുവാൻ വാരണം (ആന) ഉണ്ടു്: എനിക്കു കയറുവാൻ കൊട്ടാരവാതുക്കലും വാരണം (തടസ്സം) ഉണ്ടു്. അങ്ങേയ്ക്ക് ഒട്ടുംതന്നെ അരി (ശത്രു) യില്ല; അപ്രകാരം എനിക്കും കുപ്പാട്ടിലും അരി (നെല്ലരി) ഒട്ടും തന്നെയില്ല. വളരെക്കാലം അവിടുത്തെ സേവിച്ചതിൻ്റെ ഫലമായി അടിയനിപ്പോൾ അങ്ങയോടു സമനായിത്തീന്നിരിക്കുന്നു. ഇതാണു് മേല്പറഞ്ഞ ശ്ലോകത്തിൻ്റെ അർത്ഥം. പ്രസ്തുത ശ്ലോകത്തിൻ്റെ സാരസ്യം വേണ്ടവണ്ണം ഗ്രഹിച്ച് ആ പണ്ഡിതരാജൻ അത്യന്തം സന്തുഷ്ടനായിത്തീർന്നു. അന്നു. തന്നെ തിരുമനസ്സുകൊണ്ടു നമ്പ്യാർക്കു പതിവുള്ള വകകൾ കുടിശ്ശിഖതീർത്തു കൊടുക്കുവാൻ കല്പന നൽകിയെന്നുമാണു് ഐതിഹ്യം.
