അദ്ധ്യായം 7. മഹാകവി കുഞ്ചൻ നമ്പ്യാർ

നമ്പ്യാരുടെ പൊടിക്കൈകൾ

നമ്പ്യാർ തിരുവനന്തപുരത്തു താമസിച്ചിരുന്ന കാലത്തു് അദ്ദേഹത്തിൻ്റെ ഊണു ‘പക്ക’ത്തായിരുന്നു. രാജ സേവകന്മാർക്ക് ഭക്ഷണം കൊടുക്കുന്ന സ്ഥലത്തിനത്രേ പക്കം എന്നു പറയുന്നത്. പക്കത്തെ ഊണു അത്ര തൃപ്തികരമല്ലെന്നു പ്രസിദ്ധമാണു്.

നമ്പ്യാർ തന്നെ ഈ സംഗതി നളചരിതം, പൌണ്ഡ്റകുവധം മുതലായ തുള്ളലുകളിൽ ചിലേടത്തെല്ലാം ജ്യോതിപ്പിച്ചിട്ടുണ്ട്.

“പക്കച്ചോറും കാളൻകറിയും
ചക്കച്ചകിണിയുമെന്നിവയെല്ലാ-
തിക്കുഞ്ഞുങ്ങൾക്കൊരു സുഖഭോജന-
മിക്കാലങ്ങളിലില്ലിഹ താതാ”
“ഇക്കണ്ട കിങ്കരന്മാരെക്കണക്കിനെ
പക്കത്തിലഷ്ടികഴിച്ചങ്ങു പാർക്കയും”
“പക്കത്തിൽ ചെന്നു ഭക്ഷിച്ചുപോരിക
ദുഃഖത്തിൽ ദുഃഖം നമുക്കെൻ്റെ ചേട്ടാ
ചക്കച്ചുള രണ്ടുകൂടെത്തരികില്ല-
ടുക്കളവെക്കുന്ന പട്ടന്മാരും പിന്നെ
കാളകം വെക്കും ചില ദിവസങ്ങളിൽ
കോളില്ലിനിക്കതുമിഷ്ടമല്ലല്ലോ.”

എന്നുംമറ്റുമുള്ള പ്രസ്താവങ്ങൾ അതിലേയ്ക്കു് തെളിവുകളാണു്. കാർത്തികതിരുനാൾ മഹാരാജാവു നമ്പ്യാർക്ക് ഇടപ്പക്കത്തു ഭക്ഷണമാക്കിയ കഥ മുകളിൽ സൂചിപ്പിച്ചിട്ടുണ്ടല്ലോ. എന്നാൽ അതും കാലാന്തരത്തിൽ മോശമായി ത്തീർന്നു. ആ ഊണുകൊണ്ടു് നമ്പ്യാരുടെ വയറ്റിനു സുഖമില്ലാതെ തീരുകയാൽ അതിനൊരു നിവൃത്തിമാർഗ്ഗം നേടണമെന്നു അദ്ദേഹം തീർച്ചയാക്കി; അതിലേയ്ക്കു് തക്ക അവസരവും കാത്തുകൊണ്ടിരിക്കയായിരുന്നു. അങ്ങിനെയിരിക്കെ ഒരു സന്ദർഭം വന്നുചേർന്നു. ഒരു ദിവസം മഹാരാജാവും കുഞ്ചൻ തുടങ്ങിയ രസികജനങ്ങളും കൂടി മാളിക മുകളിലിരുന്നു വെടിപറഞ്ഞു രസിച്ചുകൊണ്ടിരിക്കവേ മാളികത്താഴെകൂടി ഒരു പശു പോകുന്നുണ്ടായിരുന്നു. അതു് ഇളകി ചാണകം ഇടുന്നതിനെ കണ്ടിട്ടു, ഫലിതപ്രയോഗ ചതുരനായ നമ്പ്യാർ ഇങ്ങനെ പറഞ്ഞു: “അല്ലാ, പയ്യേ! നിനക്കും പക്കത്തിലാണോ ഊണു്?” രസികാഗ്രഗണ്യനായ നമ്പ്യാരുടെ ഫലിതോക്തിയുടെ വ്യംഗ്യാർത്ഥം മനസ്സിലാക്കിയ മഹാരാജാവു് അന്നുമുതൽ നമ്പ്യാരുടെ ഭക്ഷണം പക്കത്തുനിന്നു മാററ്റിക്കൊടുത്തുവെന്നാണു കേൾവി.