നമ്പ്യാരുടെ പൊടിക്കൈകൾ
ഇതിൻ്റെ അർത്ഥം, മഹാരാജാവിൻ്റെ പ്രീതിക്കനുകൂലമായ വിധത്തിൽ, നമ്പ്യാർതന്നെ വർണ്ണിച്ചുകേൾപ്പിച്ചു.അതുകേട്ടു മഹാരാജാവു് അത്യന്തം പ്രീതനായി നമ്പ്യാർക്കു ചില സമ്മാനങ്ങൾ നൽകുകയുണ്ടായി. പ്രസ്തുത ശ്ലോകം അമ്പലപ്പുഴവച്ചു നിർമ്മിച്ചിട്ടുള്ളതും, ദേവനാരായണസ്വാമിയെ ചൊല്ലിക്കേൾപ്പിച്ചു് അവിടെ നിന്നു പല പാരിതോഷികങ്ങൾ ഒരിക്കൽ വാങ്ങിയിട്ടുള്ളതുമാണെന്നുള്ള സംഗതിയും അനന്തരം നമ്പ്യാർ തിരുമനസ്സറിയിച്ചു. നോക്കുക, കവിയുടെ വൈഭവം! ഈദൃശമായ സരസ്വതീവിലാസത്തെ ആരുതന്നെ ആദരിക്കയും അഭിനന്ദിക്കയും ചെയ്യുകയില്ലേ? വശ്യവചസ്സായിരുന്ന ഈ രസികശിരോമണിയുടെ ബുദ്ധിചാതുര്യവും ഫലിതപ്രയോഗകൗശലവും ഇതു പോലെ പലഘട്ടങ്ങളിലും അദ്ദേഹം പ്രദർശിപ്പിക്കയുണ്ടായിട്ടുണ്ടു് .
പദപ്രയോഗവിഷയത്തിൽ പാണ്ഡിത്യപ്രകടനാഭിലാഷം നന്യാർക്കു തീരെ കുറവായിരുന്നുവെന്ന് അദ്ദേഹത്തിൻ്റെ കൃതികളെല്ലാം സാക്ഷ്യംവഹിക്കുന്നു. എന്നാൽ അപൂർവ്വം ചിലസ്ഥലത്തു ചില പൊടിക്കൈകൾ നമ്പ്യാർ പ്രയോഗിച്ചിട്ടുള്ളതായും കാണുന്നുണ്ടു്. അങ്ങനെയുള്ള ഒന്നുരണ്ട് ഉദാഹരണങ്ങൾകൂടി ഉദ്ധരിച്ചുകൊണ്ടു് ഈ
ഭാഗം അവസാനിപ്പിക്കാം.
