അദ്ധ്യായം 7. മഹാകവി കുഞ്ചൻ നമ്പ്യാർ

നമ്പ്യാരുടെ പൊടിക്കൈകൾ

തുള്ളലിൽ ഒരിടത്ത് “ഊട്ടുള്ളിടത്തെ ങ് ലുക്കില്ല.” എന്നൊരു പ്രയോഗം നമ്പ്യാർ തട്ടിവിട്ടിട്ടുണ്ടു്. ഇവിടെ “ഞങ്ങൾക്കു് ഊട്ടുപുരകളിൽനിന്നു് ഒന്നും കിട്ടുകയില്ല” എന്ന ആശയം കാക്കാനെക്കൊണ്ടു’ കവി അവൻ്റെ നീചഭാഷയിൽ പറയിച്ചിരിക്കയാണു ചെയ്യുന്നതു്. എന്നാൽ പ്രകൃതാർത്ഥംപോലെതന്നെ, “ഊഠ് എന്ന ആദേശം ഉള്ളിടത്ത് യങ് പ്രത്യയത്തിനു് ലുക്കു വരികയില്ല” എന്ന വ്യാകരണ പ്രസിദ്ധമായ മറെറാരർത്ഥവും കവി ഇതിൽ പ്രസ്പഷ്ടമാക്കിയിരിക്കുന്നു. കവിയുടെ ദൃഢവ്യുൽപത്തി ഇതിൽ നിന്നു വ്യക്തമാകുന്നുണ്ടല്ലൊ.

വേദാന്തം, പുരാണം, ഇതിഹാസം, എന്നിവയിൽ കവിക്കുള്ള പാണ്ഡിത്യം പ്രകടിപ്പിക്കുന്ന ഒരു ഈശ്വര സ്തുതി കല്യാണസൗഗന്ധികത്തിൽ പ്രയോഗിച്ചുകാണുന്നു. അതിങ്ങനെയാണു്:-

“അംഭോജനാളത്തിലുന്മിയതിൻ പൊരു-
ഒൻപതുപത്തുരണ്ടിൽ പെരുക്കിട്ടറു –
പഞ്ചാക്ഷരം തടിശാഖാലതാപുഷ്പ-
സഞ്ചയംതന്നിൽ മറഞ്ഞുനികരുന്ന
സന്താനവേദപ്പൊരുളുകൾ വെച്ചിട്ട്,
താമരസാക്ഷൻ്റെ മെത്തേടെതാഴത്തു
താങ്ങിക്കിടക്കുന്നവനെചുമക്കുന്ന
വൻപൻ്റെ കൊമ്പൻ്റെ കൊമ്പൊന്നൊടിച്ചോൻ്റെ
ജ്യേഷ്ഠനെപ്പേടിച്ചു നാട്ടീന്നു പോയോൻ്റെ
ചാട്ടിൻ്റെ കൂട്ടിൻ്റെ കോട്ടം തിമിർപ്പവ
നുണ്ണിക്കഴുത്തറുത്തോരു പുരുഷനെ-
ന്നുള്ളം തെളിവോടുവന്നു തുണയ്ക്കണം.”