നമ്പ്യാരുടെ പൊടിക്കൈകൾ
“ഹൃദയമാകുന്ന താമരയുടെ തണ്ടാകുന്ന പ്രധാന നാഡിയിൽനിന്നു മുകളിലോട്ടു ജ്വലിച്ചുകൊണ്ടിരിക്കുന്ന ആത്മചൈതന്യത്തെ സഹസ്രം, അതായത് അസംഖ്യം, തരത്തിലായി പരിണമിപ്പിച്ചിട്ട്, പ്രപഞ്ചരീതിയിൽ വ്യാപ്തവും നാശമില്ലാത്തതുമായ, അഥവാ ‘നമശ്ശിവായ’ എന്ന മന്ത്രത്തിൽ അടങ്ങുന്ന ഈ ലോകത്തിലെ ചരാചരങ്ങളിൽ സദാ അന്തർല്ലീനമെങ്കിലും ആവശ്യം നേരിടുമ്പോൾ പ്രത്യക്ഷമായി കല്പവൃക്ഷംപോലെ അഭീഷ്ടദാനം ചെയ്വാനവത രിക്കാറുണ്ടെന്നു വേദങ്ങളിൽ ഉൽഘോഷിക്കുന്ന ദേവന്മാരിൽവെച്ച്, … ഉണ്ണിക്കഴുത്തറുത്ത പുരുഷൻ അനുഗ്രഹ ബുദ്ധ്യാ പ്രസന്നനായി എൻ്റെ ഹൃദയത്തെ പരിവൃത മാക്കേണമേ” എന്നു സാരം. ആരുടെ ഉണ്ണിക്കഴുത്തറുത്ത പുരുഷൻഎന്നു പറയുന്നു:- താമരസാക്ഷൻ്റെ മെത്തേടെ (അനന്തൻ്റെ) താഴത്തു താങ്ങിക്കിടക്കുന്നവനെ (ആദികൂർമ്മത്തെ) ചുമക്കുന്നവൻ്റെ (പാലാഴിയിലെ) കൊമ്പൻ്റെ (ഐരാവതത്തിൻ്റെ) കൊമ്പൊന്നൊടിച്ചോൻ്റെ (കുംഭകണ്ണൻ്റെ) ജ്യേഷ്ഠനെ പേടിച്ചു നാട്ടീന്നു പോയോൻ്റെ (രാവണനെപ്പേടിച്ചു ലങ്കാവാസമുപേക്ഷിച്ചു പോയ വൈശ്രവണൻ്റെ) ചാട്ടിൻ്റെകൂട്ടിൻ്റെകോട്ടം തിമിർപ്പവൻ്റെ (പുഷ്‌പകവിമാനത്തിൻ്റെ മേൽക്കൂടിനു കോട്ടം വർദ്ധിപ്പിച്ച രാവണൻ്റെ) ഉണ്ണിക്കഴുത്തറുത്ത പുരുഷൻ (പുത്രനായ അക്ഷകുമാരനെ ഹനിച്ച ഹനുമാൻ എന്നും, രാവണൻ്റെ ഉണ്ണിക്കഴുത്തുമുറിച്ച ശ്രീരാമൻ എന്നും.) അതായതു: മഹാവിഷ്‌ണുവിൻ്റെ പള്ളിമെ അനന്തൻ്റെ താഴത്തായി അതിനെ താങ്ങി കിടക്കുന്ന ആദികൂർമ്മത്തെ ചുമക്കുന്ന പാലാഴിയിലെ നാല്ക്കൊമ്പനാനയായ ഐരാവതത്തിൻ്റെ കൊമ്പൊന്നൊടിച്ചവനായ കുംഭകണ്ണൻ്റെ ജ്യേഷ്ഠനായ രാവണനെപ്പേടിച്ചു ലങ്കാവാസമുപേക്ഷിച്ചുപോയ വൈശ്രവണൻ്റെ വാഹനമായ പുഷ്‌പകവിമാനത്തിനു നാനാവിധമായ കോട്ടം വരുത്തിവെച്ച ദശകണ്ഠൻ്റെ ഉണ്ണിയായ അക്ഷകുമാരൻ്റെ കഴുത്തറുത്ത ഹനുമാൻ അഥവാ ദശകണ്ഠൻ്റെ മനോഹരമായ കഴുത്തറുത്ത ശ്രീരാമൻ തുണയ്ക്കുണം എന്നർത്ഥം. ഇതിന്നുപുറമേ നരകാസുരൻ്റെ ഉണ്ണി കഴുത്തറുത്ത ശ്രീകൃഷ്ണൻ എന്നുകൂടി ഒരർത്ഥം പ്രസ്തുതഭാഗത്തിനു സിദ്ധിക്കുന്നതാണു്. നോക്കുക, എത്രകണ്ടു രസപ്രദമായ ഒരു പൊടികൈയാണിത്! നമ്പ്യാരുടെ ഭക്തിയും വിഭക്തിയും ഒന്നുപോലെ ഇവിടെ പ്രത്യക്ഷപ്പെടുന്നില്ലേ? പാണ്ഡിത്യത്തിൻ്റെയും വാസനയുടെയും ചെല്ലസ്സന്താനമായിരുന്നു കുഞ്ചൻനമ്പ്യാർ എന്നുപറയുവാൻ ഇതിലധികം മറെറന്തുവേണം?
