അദ്ധ്യായം 7. മഹാകവി കുഞ്ചൻ നമ്പ്യാർ

നമ്പ്യാരുടെ പൊടിക്കൈകൾ

സന്ദർഭങ്ങൾ വളരെ സൂക്ഷിച്ചു പ്രയോഗിക്കപ്പെടുന്ന ഫലിതോക്തികൾക്ക് ആളുകളെ ആകർഷിക്കുവാൻ ഒരു പ്രത്യേകശക്തിയുണ്ടു്. വിപരീതമായാലുള്ള ഫലവും അതുപോലെ തന്നെ. അനേകതരത്തിലുള്ള പരിശ്രമം കൊണ്ടുമാത്രം സാധിക്കേണ്ടതായ ചില സംഗതികൾ, ഒരു പക്ഷെ വിവിധപ്രയത്നം കൊണ്ടും സാധിക്കാൻ കഴിയാത്തതായ ചില സംഗതികൾ, സരസ്വതീവിലാസഭാസുരന്മാരായ ചിലരുടെ ഫലിതപ്രയോഗങ്ങൾകൊണ്ടു സാധിച്ചിട്ടുള്ളതായി നമുക്കു പല അനുഭവങ്ങളുമുണ്ട്. മത്തഗജത്തെ മർമ്മപ്രയോഗങ്ങൾകൊണ്ടു് ആനക്കാരൻ പിടിച്ചൊതുക്കാറുള്ളതുപോലെ, അധൃഷ്യനും ദുർവ്വാരകോപാനലനുമായ ഏതുരാജവീരനേയും ലളിതശാന്തനാക്കിത്തീർക്കുവാനുള്ള ശക്തി ഫലിതപ്രയോഗചതുരന്മാർക്കു സ്വായത്തമാണു്. ഫലിതപ്രയോഗത്തിനു ഇങ്ങനെ ഭുവനമോഹനമായ ഒരു വശീകരണശക്തിയുണ്ടെങ്കിലും ജനസഞ്ചയത്തിൽ ദുർല്ലഭം ചിലരിൽ മാത്രമേ ഈ അനുഗ്രഹശക്തി കാണപ്പെടുന്നു. അപ്രകാരമുള്ള ആ അപൂർവ്വശക്തി സുലഭമായി സിദ്ധിച്ചിരുന്ന ഒരു അനുഗൃഹീതപുരുഷനാണു കുഞ്ചൻനമ്പ്യാർ.