അദ്ധ്യായം 7. മഹാകവി കുഞ്ചൻ നമ്പ്യാർ

നമ്പ്യാരുടെ പൊടിക്കൈകൾ

വേറൊരുസന്ദർഭത്തിൽ ആ തിരുമസ്സകൊണ്ട് ആശ്രിതന്മാരായിരുന്ന കവികളോടൊന്നിച്ചു ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിൽ എഴുന്നള്ളി. ആയിടെ പുതുതായി പണിയിച്ചിരുന്ന കമ്പവിളക്കു തൃക്കൺപാർക്കുവാനാണു തിരുവനസ്സുകൊണ്ടു് അവിടേയ്ക്ക് എഴുന്നള്ളിയതു്. വിളക്കിൻ്റെ വിചിത്രതരമായ പണികണ്ടു മഹാരാജാവു വളരെ സന്തുഷ്ടനായി. കൂടെയുണ്ടായിരുന്ന കവികളോട് ആ ദീപസ്തംഭത്തെ ശ്ലോകങ്ങളുണ്ടാക്കുവാൻ അവിടുന്ന് ആജ്ഞാപിച്ചു. ഓരോരുത്തരും അവരവരുടെ മനോധർമ്മത്തിനൊത്തവണ്ണം ശ്ലോകങ്ങൾ നിർമ്മിക്കുവാൻ തുടങ്ങി. അനേക വിധം അലങ്കാരങ്ങളും അർത്ഥവൈചിത്യങ്ങളും നിറഞ്ഞുള്ള നെടുനെടുങ്കൻ ശ്ലോകങ്ങൾ എഴുതി അവർ തിരുമന സ്സിലെ ചൊല്ലിക്കേൾപ്പിച്ചു. എന്നാൽ നമ്പ്യാരോ, ഒരു ചെറിയ ശ്ലോകം മാത്രമാണു് ചൊല്ലിയതു്.

“ദീപസ്തംഭം മഹാശ്ചര്യം
നമുക്കും കിട്ടണം പണം
ഇത്യർത്ഥ ഏഷാം ശ്ലോകാനാം
അല്ലാതൊന്നും ന വിദ്യതേ”

ഇതായിരുന്നു ആ ശ്ലോകം. നമ്പ്യാരുടെ ഈ പൊടിക്കൈ മററുള്ള കവികളെ എത്രമാത്രം ലജ്ജിതരാക്കിത്തീർത്തുവെന്നു പറയേണ്ടതില്ലല്ലോ.