നമ്പ്യാരുടെ പൊടിക്കൈകൾ
ഇവർതമ്മിൽ വേറൊരു നേരംപോക്കുണ്ടായിട്ടുണ്ടു്. അതു് ഇതിലും രസാവഹമാണു്. ഒരിക്കൽ വാര്യർ രാവിലെ എഴുന്നേററു മുറിയിൽനിന്നു വെളിയിലേയ്ക്കു കടന്നുപോകുകയായിരുന്നു. നമ്പ്യാർ അപ്പോഴും ശയ്യാതലത്തിൽനിന്നു് എഴുന്നേറ്റിരുന്നില്ല. വാര്യർ കടന്നുപോകുന്ന വഴിക്കു നമ്പ്യാരെ ഒന്നു ചവിട്ടുവാനിടയായി. “അറിയാതെ ചവുട്ടിയാൽ, ഗുരുപാദം കൊണ്ടാണെന്നു കരുതി ക്ഷമിക്കണം?” എന്നു വാര്യർ ഭംഗിയായി അതിനു ക്ഷമായാചനം ചെയ്തു. ആ നിമിഷത്തിൽത്തന്നെ “വല്ലതും കിട്ടിയാൽ അതു ദക്ഷിണയായും കരുതിക്കൊള്ളണ”മെന്നു നമ്പ്യാർ സമുചിതവും സരസവുമായ മറുപടിയും നല്കി. നോക്കുക, നമ്പ്യാരുടെ സന്ദർഭോചിതമായ ഫലിതപ്രയോഗചാതുര്യം; ഇതല്ലേ ഉത്തമമായ സരസ്വതീനടനം!!
ഈ കവികളെ സംബന്ധിച്ചു മറെറാരു കഥ പറഞ്ഞുകേട്ടിട്ടുള്ളതു് ഇങ്ങനെയാണ്. ഒരിക്കൽ ഇവരുടെ സഹൃദയത്വം പരീക്ഷിക്കണമെന്നു മഹാരാജാവു നിശ്ചയിച്ചു. ഇവർ പതിവായി കുളിക്കുന്ന ശ്രീവരാഹത്തുകുളം, ഒരാനയെ ഇറക്കി കലക്കിച്ചു. അന്നു പതിവനുസരിച്ചു കുളിയും കഴിഞ്ഞു് ഇരുവരും തിരുമുമ്പിൽ വന്നുചേർന്നു, ഇന്നത്തെ കുളി എവിടെയായിരുന്നുവെന്നു മഹാരാജാവു് ഇവരോടു ചോദിച്ചു. അതിനു, ശ്രീവരാഹത്തു കരി കലക്കിയ കുളത്തിലായിരുന്നുവെന്നു വാര്യർ പ്രത്യക്തിനല്കി. നമ്പ്യാരാകട്ടെ, നല്ല ചന്തത്തോടുകൂടി ശ്രീവരാഹത്തു കളഭം കലക്കിയ കുളത്തിലാണു കുളിച്ചതെന്നും തിരുമനസ്സുണർത്തിച്ചു. മഹാരാജാവു്’, ഇതുകേട്ടു അടുത്തുനിന്നിരുന്ന അശ്വ തിതിരുനാൾ കൊച്ചുതമ്പുരാനോട് ഇവരുടെ ബുദ്ധിചാതുര്യം ഇതുകൊണ്ടു നിശ്ചയിക്കരുതോ എന്നു ചോദിക്കു കയുണ്ടായിപോലും.
