അദ്ധ്യായം 7. മഹാകവി കുഞ്ചൻ നമ്പ്യാർ

നമ്പ്യാരുടെ പൊടിക്കൈകൾ

കുഞ്ചൻനമ്പ്യാർക്കു കൊട്ടാരത്തിൽനിന്നും ദിവസം പ്രതി രണ്ടേകാലും കോപ്പും കൊടുക്കുന്നതിനു മാർത്താണ്ഡ വർമ്മ മഹാരാജാവിൻ്റെ കാലം മുതല്ക്കേ കല്പനയുണ്ടായിരുന്നു. നമ്പ്യാർ പതിവായി അതു വാങ്ങിവരികയും ചെയ്തിരുന്നു. മാർത്താണ്ഡവർമ്മ മഹാരാജാവു നാടുനീങ്ങിയതു മുതൽ കൊട്ടാരം കലവറക്കാർ തിരുമനസ്സിലെ കല്പനയേ മറെറാരുവിധത്തിൽ വ്യാഖ്യാനിച്ചു നമ്പ്യാരെ വിഷമിപ്പിക്കുവാനുള്ള ശ്രമമായി. രണ്ടേകാൽ-രണ്ടു് കാൽ അതായതു ഇരു നാഴി-അരിമാത്രമേ അവിടെനിന്നു കൊടുക്കുകയുള്ളവെന്നു അന്നത്തെ കലവറ അധികാരിയായിരുന്ന ഒരു അയ്യർ ശഠിച്ചു തുടങ്ങി. ഉണ്ടാൽപോരേ? കാൽ ഇടങ്ങഴി ഉണ്ടോളൂ. ഊണിനുപുറമേ അരി കല്പിച്ചിട്ടില്ല. എന്നിങ്ങനെ കലവറ ക്കാരനായിരുന്ന ഒരു പണ്ടാലയും നമ്പ്യാരെ ശകാരിച്ചു് അരികൊടുക്കുകയില്ലെന്നായി. കല്പനയെ കവിഞ്ഞുനടക്കുന്ന ഈ കലവറപ്രമാണികളിൽനിന്നു്, തനിക്കു സിദ്ധിച്ചിരുന്ന അവകാശം വാങ്ങിയെടുക്കുവാൻ പ്രയാസമാണന്നു നമ്പ്യാർ മനസ്സിലാക്കി. ഗത്യന്തരമൊന്നുമില്ലായ്കയാൽ ഒടുവിൽ തിരുമുമ്പാകെ പരാതിബോധിപ്പിക്കാമെന്നുതന്നെ അദ്ദേഹം തീർച്ചപ്പെടുത്തി; അതിങ്ങനെ ഒരു ശ്ലോകരൂപത്തിലായിരുന്നു.

“രണ്ടേകാലെന്നു കല്പിച്ചു,
രണ്ട്, കാലെന്നിതയ്യനും,
ഉണ്ടോ കാലെന്നു പണ്ടാല
ഉണ്ടില്ലിന്നിത്ര നേരവും.”

ശ്ലോകംവായിച്ചു സന്തുഷ്ടനായിത്തീർന്ന മഹാരാജാവ് മുൻ പതിവിനു കാമാകാണിക്കും നീക്കുപോക്കില്ലാതെ നമ്പ്യാർക്ക് അരിയും കോപ്പും കൊടുത്തുകൊള്ളണമെന്നു വീണ്ടും ഉത്തരവായി. അത്രതന്നെയുമല്ല, പണ്ടു കോഴിക്കോട്ടു കവി സമാജത്തിൽവെച്ചു “താരിൽതന്വീ”ത്യാദി ശ്ലോകംകേട്ടു സന്തുഷ്ടനായ ഉദ്ദണ്ഡൻ തനിക്കു കിട്ടിയ പട്ട് പുനത്തിനു സമ്മാനിച്ചതുകൂടാതെ “അധികേരളമഗ്രഗിര” എന്നൊരു ശ്ലോകംകൊണ്ടു് ആ ഭാഷാകവിയെ അഭിനന്ദിക്കയും ചെയ്തതുപോലെ, തിരുമനസ്സുകൊണ്ടു നമ്പ്യാർക്കു രണ്ടുനേരം ഇടപ്പക്കത്തു് ഊണുകൊടുക്കുവാനും വിശേഷാൽ കല്പനയായി എന്നുപറഞ്ഞാൽ മതിയല്ലൊ.