നവീനഗദ്യോദയം
“നമുക്കു മാന്യന്മാരായ എല്ലാവരും പോയല്ലോ. ഇപ്പോൾ നമ്മെ വിട്ടുപിരിഞ്ഞ ആളേയും ഇനി നാം കാണുകയില്ല. എന്നാൽ അക്ബറേയും ഫൈസിയേയും അബൂൽഫാസലിനേയുംപോലെയുള്ളവരുടെ ഭൂലോകവാസം അവസാനിച്ചാലും അവർ മരിച്ചു എന്നു പറയാൻ പാടില്ല. അവർ നമ്മളുടെ ഓർമ്മയിലും അവർ ചെയ്തിട്ടുള്ള ശ്ലാഘ്യകൃത്യങ്ങളിലും എന്നും ജീവിച്ചിരിക്കുകതന്നെ ചെയ്യുന്നു. അവരെക്കുറിച്ചുള്ള വിചാരം അവരുടെ നിര്യാണാനന്തരം ജനിക്കുന്നവരേയും ഉജ്ജീവിപ്പിക്കുന്നു. അതല്ലയോ വാസ്തവമായ അനശ്വരത്വം?” ഈ രീതിവ്യത്യാസത്തിനുള്ള കാരണങ്ങൾ ഗ്രന്ഥത്തിൻ്റെ അവതാരികയിൽ തമ്പുരാൻ ഇങ്ങനെ വ്യക്തമാക്കിയിരിക്കുന്നു:
“പന്ത്രണ്ടുകൊല്ലം മുമ്പിൽ എഴുതിയ ആദ്യഭാഗത്തിൽ ചിലേടത്തു ചില സംസ്കൃതപ്രയോഗം അനാവശ്യകമായും വന്നുപോയിട്ടില്ലയോ എന്നു് ഇപ്പോൾ തോന്നുന്നുണ്ട്. സംസ്കൃതത്തെക്കുറിച്ചുള്ള വൈമുഖ്യമുള്ളവർ ഉപക്രമം കണ്ടു പുസ്തകം വലിച്ചെറിഞ്ഞുകളയാതെ അല്പം ക്ഷമയോടുകൂടി വായിച്ചുനോക്കിയാൽ അങ്ങോട്ടങ്ങോട്ടു സംസ്കൃതപ്രയോഗം കുറവാണെന്നു കാണുന്നതാകുന്നു.”* (അക്ബർ, അവതാരിക) ഇങ്ങനെ കോയിത്തമ്പുരാൻ സംസ്കൃത ഹിമഗിരിയുടെ ഉത്തുംഗശൃംഗത്തിൽനിന്നു കുറെയധികം കീഴോട്ടിറങ്ങിയാണു പിൽക്കാലത്തു പ്രവർത്തിച്ചിട്ടുള്ളത്. അദ്ദേഹത്തിൻ്റെ ഈ വ്യതിയാനത്തേയും ഉദ്ദേശത്തേയും കുറിച്ചു പിന്നീടു ഭാഷാപോഷിണി സഭയുടെ ഒരു യോഗത്തിൽ അവിടുന്നുതന്നെ ഇങ്ങനെ പ്രസ്താവിച്ചു കാണുന്നു:
“മുപ്പതു വർഷങ്ങൾക്കു മുൻപിലുണ്ടായിരുന്ന മലയാളവാചകരീതിയിൽനിന്നും ഭേദിച്ച് ഇപ്പോൾ ഉപയോഗിക്കപ്പെട്ടുവരുന്നതിനു് പൂർവ്വാപേക്ഷയാ വല്ലതും ചില പരിഷ്കാരങ്ങളുണ്ടെങ്കിൽ അതിനു ഞാൻകൂടി കാരണഭൂതനാണെന്നുള്ള ബോധം എനിക്കു നിരതിശയമായ ചാരിതാർത്ഥ്യത്തെ ജനിപ്പിക്കുന്നുണ്ട്. എന്നാൽ എൻ്റെ കൃതികളായ പുസ്തകങ്ങളിൽ സംസ്കൃതപദപ്രയോഗം കുറെ അധികമായിട്ടുണ്ടെന്നുള്ള ഒരാക്ഷേപം പ്രായേണ സംസ്കൃതപരിചയമില്ലാത്ത വിദ്യാതൽപ്പരന്മാരിൽ നിന്നും ഉൽഭവിക്കാറുള്ളതായി ഞാൻ അറിഞ്ഞിട്ടുണ്ട്. ആ ആക്ഷേപത്തെ ഞാൻ അഭ്യുപഗമിക്കുന്നു. സംസ്കൃത ശബ്ദങ്ങളെ ധാരാളമായി പ്രയോഗിച്ചാൽ വാചകത്തിനു് അധികഭംഗിയുണ്ടാകുമെന്നൊരു മിഥ്യയായ വിചാരം ഇപ്പോൾ പലർക്കും ഉള്ളതുപോലെ ആദ്യം എനിക്കും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഞാനതിനെ തീരെ നിരസിച്ചിരിക്കുന്നു. എങ്ങനെയായാലാണു പ്രതിപാദ്യമായ വിഷയം വായിക്കുന്നവർക്കു് വിരസതയും ക്ലേശവും കൂടാതെ സുഗ്രഹമായി ഭവിക്കുന്നതു്, അങ്ങനെയുള്ള രീതിയിൽ വാചകം എഴുതണമെന്നു മാത്രമേ ഇപ്പോൾ ഞാൻ മുഖ്യമായി കരുതാറുള്ളു. എന്നാൽ ശബ്ദസൗഷ്ഠവത്തേയും വാചകഭംഗിയേയും വാക്യശുദ്ധിയേയും കേവലം അനാദരിച്ച്, വിഷയവിശദീകരണത്തെ മാത്രമുദ്ദേശിച്ചു ശുദ്ധജലപ്രായമായ വാചകമെഴുതുന്നതു് നന്നല്ലെന്നാണു് എൻ്റെ അഭിപ്രായം. ഗണിതശാസ്ത്രവിഷയകങ്ങളായും മറ്റുമുള്ള പുസ്തകങ്ങളിൽ അതു നന്നായിരിക്കും. മനോവിനോദത്തിനും ലോകപരിജ്ഞാനത്തിനുമായി നിർമ്മിക്കപ്പെടുന്ന സാഹിത്യഗ്രന്ഥങ്ങളിൽ വാചകത്തിനും പദങ്ങൾക്കും ശുദ്ധിയും ഭംഗിയും ഉണ്ടായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണു്.”
