നവീനഗദ്യോദയം
ഏ. ആർ. രാജരാജവർമ്മ: ആധുനിക മലയാള ഗദ്യത്തിൻ്റെ ജനയിതാവും അതിൻ്റെ പ്രചാരകനും കേരളവർമ്മ വലിയകോയിത്തമ്പുരാനായിരുന്നു എന്നുള്ളതു് പ്രസിദ്ധമാണല്ലോ. സംസ്കൃത പദബഹുലമാണ് അവിടുത്തെ ഗദ്യരീതി. പദപ്രയോഗത്തിൽ മാത്രമല്ല, വലിയകോയിത്തമ്പുരാൻ സംസ്കൃത പക്ഷപാതം പ്രകടിപ്പിച്ചിരുന്നതു്. വ്യാകരണകാര്യങ്ങളിൽപോലും തിരുമനസ്സിലെ ഗദ്യം സംസ്കൃതത്തിനു വിധേയമായിരുന്നു. വിശേഷണവിശേഷ്യങ്ങൾക്കു ലിംഗവചനപ്പൊരുത്തം വരുത്തുക, കർമ്മസ്ഥാനിയായ നപുംസകനാമങ്ങൾക്കു പ്രതിഗ്രാഹികാപ്രത്യയം ചേർക്കുക, എന്നുതുടങ്ങി നവീന ഗദ്യരീതിക്കു യോജിക്കാത്ത പല വിലക്ഷണ പ്രയോഗങ്ങളും തന്മൂലം അവിടുന്നു പ്രചരിപ്പിച്ച ഭാഷാഗദ്യത്തിൽ കാണാവുന്നതാണു്. തൽസംബന്ധമായി ശ്രീ ഏ. ഡി. ഹരിശർമ്മ ഇങ്ങനെ പ്രസ്താവിച്ചുകാണുന്നു:
ഭാഷാശൈലി പലപ്പോഴം സംസ്കൃതത്തിൻ്റെ വ്യാകരണനിയമങ്ങളെ അനുസരിച്ചിരിക്കുന്നതായി കാണുന്നതു് ഇതിനൊരു ഉദാഹരണമാണ്. തൻ്റെ സംസ്കൃതഭ്രമം ഉപേക്ഷിച്ചിരിക്കുന്നതായി പ്രഖ്യാപനം ചെയ്ത ആ പ്രസംഗത്തിൽതന്നെ അദ്യാപി, പ്രായശഃ. ഏവഞ്ച, യേനകേനപ്രകാരേണ, പൂർവ്വാപേക്ഷയാ, കിം ബഹുനാ എന്നീത്യാദി അനേകം തനിസ്സംസ്കൃതപദങ്ങൾ പ്രയോഗിച്ചിട്ടുള്ളതായികാണുന്നുണ്ട്. വിശേഷണ വിശേഷ്യങ്ങൾക്കു ലിംഗവചനപ്പൊരുത്തം വരുത്തുന്ന വിഷയത്തിലും അദ്ദേഹം സംസ്കൃതഭാഷാനിയമങ്ങളെയാണു് അനുസരിച്ചിരുന്നതു്. ‘ശ്ലാഘ്യങ്ങളായ കൃതികൾ’ ‘തുംഗകളായ ശൃംഗ പരമ്പരകൾ’ ‘മനോഹരമായ മാല’ എന്നിങ്ങനെ പ്രയോഗിക്കുന്നതായിരുന്നു അദ്ദേഹത്തിനിഷ്ടം. ‘മങ്ങാതെങ്ങും മഹിതതരയാം മന്ദിരശ്രേണി കൊണ്ടും’ എന്നും, ‘അങ്ങാടിക്കുള്ളനുപമിതയാം പുഷ്ടികൊണ്ടും’ എന്നും മറ്റും മയൂരസന്ദേശത്തിൽ തന്നെ പ്രയോഗിച്ചിട്ടുള്ളതു നോക്കുക. നപുംസകനാമങ്ങൾ കർമ്മസ്ഥാനത്തു പ്രയോഗിക്കുമ്പോൾ പ്രതിഗ്രാഹികാ പ്രത്യയം ചേർക്കുന്ന സമ്പ്രദായവും സംസ്കൃതത്തെ അനുകരിച്ചു സ്വീകരിച്ചതത്രേ. ‘ആ പുസ്തകത്തെ എനിക്കയച്ചുതന്നു’ എന്നും മറ്റുമാണ് വലിയകോയിത്തമ്പുരാൻ ആദ്യകാലത്തു് എഴുതിയിരുന്നതു്. ഈവക പ്രയോഗങ്ങൾ ആധുനികരീതിക്കു യോജിക്കാത്തവയാണെന്നു പറയാതെതന്നെ അറിയാമല്ലോ.” *(രണ്ടു സാഹിത്യനായകന്മാർ, പേജ് 108-109)
വലിയകോയിത്തമ്പുരാൻ്റെയും അദ്ദേഹത്തിൻ്റെ അനുഗാമികളായിരുന്ന സംസ്കൃതപക്ഷക്കാരുടേയും രചനാരീതി മേൽ പ്രസ്താവിച്ചവിധമായിരുന്നു. ഇംഗ്ലീഷ് പഠിച്ചവരാകട്ടെ, ഭാഷാരീതി ഇംഗ്ലീഷ് മട്ടിലേക്കും നയിക്കുവാൻ തുടങ്ങി. അതും ബുദ്ധിപൂർവ്വമായിട്ടല്ലായിരുന്നു. മാതൃഭാഷ, നിത്യപരിചയത്താൽ സ്വാധീനപ്പെടുന്ന ഒന്നു്. ആ സ്ഥിതിക്കു നിയമങ്ങളൊന്നും നോക്കുവാനില്ല. ആംഗ്ലേയസാഹിത്യത്തിൽനിന്നും ആവശ്യമുള്ള ആശയങ്ങൾ തങ്ങൾക്കു ലഭിച്ചുകൊള്ളും. അതു് ഏതെങ്കിലും രൂപത്തിൽ ഭാഷയിൽ ആവിഷ്ക്കരിക്കണം; അത്രമാത്രം. ഈ മട്ടിലായിരുന്നു അവരുടെ പോക്കു്. ഇങ്ങനെ അനാഥമായിത്തീർന്ന മലയാള ഗദ്യസാഹിത്യത്തിനു ഹസ്താവലംബം നല്കി, ഇന്നു കാണുന്ന അഭിവൃദ്ധിക്കാസ്പദമായ ഐകരൂപ്യവും, വ്യവസ്ഥിതിയും വരുത്തുവാൻ പരിശ്രമിച്ച ഭാഷാഭിമാനികളിൽ അഗ്രപൂജയ്ക്ക് അർഹനായ ഒരു മഹാനാണ് ‘കേരളപാണിനി’ എന്ന പേരിൽ സുപ്രസിദ്ധനായിത്തീർന്നിട്ടുള്ള പ്രൊഫ്‌സർ ഏ. ആർ. രാജരാജവർമ്മകോയിത്തമ്പുരാൻ.
