നവീനഗദ്യോദയം
കോയിത്തമ്പുരാൻ്റെ ഏതദ്വിഷയകമായ സദ്വ്യവസായത്തെ ഉച്ചൈസ്തരം വിളംബരപ്പെടുത്തുന്ന ഒരൂർജ്ജിത പടഹമത്രേ ‘സാഹിത്യ സാഹ്യം’ എന്ന ഗ്രന്ഥതല്ലജം. ഭാഷയിലെ ശബ്ദാനുശാസനനിയമങ്ങളെ എത്രയും സൂക്ഷ്മമായും ശാസ്ത്രീയമായും പരിശോധിച്ചു പ്രഖ്യാപനം ചെയ്തിട്ടുള്ള ഒരു വിശിഷ്ടഗ്രന്ഥമാണു്’ ‘കേരളപാണിനീയം.’ ഈ രണ്ടു കൃതികളെപ്പറ്റിയും ഭാഷാവിജ്ഞാനീയം എന്ന അദ്ധ്യായങ്ങളിൽ വിവരിക്കുന്നതാകയാൽ തൽസംബന്ധമായി ഇവിടെ കൂടുതൽ ഒന്നും പ്രസ്താവിക്കുന്നില്ല.
കേരളപാണിനീയം ഉയർന്നതരക്കാർക്കു മാത്രം പറ്റുന്ന ഒന്നാകയാൽ ശബ്ദശോധിനി, മധ്യമവ്യാകരണം, പ്രഥമവ്യാകരണം എന്നിങ്ങനെ താഴ്ന്ന തരക്കാരിൽ ഓരോ നിലയിലുള്ളവർക്ക് ഉപയോഗിക്കത്തക്കവണ്ണം അനേകം വ്യാകരണഗ്രന്ഥങ്ങൾ വേറെയും കോയിത്തമ്പുരാൻ തയ്യാർ ചെയ്തു. ഈ വ്യാകരണപാഠാവലിമൂലം ഭാഷ ശുദ്ധരൂപത്തിൽ പ്രയോഗിക്കുന്നതിനു്’ ആവശ്യമായ നിയമങ്ങൾ വിദ്യാഭ്യാസലോകത്തിൽ പ്രചരിക്കുവാൻ ഇടവന്നു. സാഹിത്യസാഹ്യത്തിൻ്റെ ആവിർഭാവത്തോടുകൂടി ഉത്തമ ഗദ്യനിർമ്മാണത്തിനുള്ള നിയമങ്ങളും അനുശാസിതങ്ങളായി. ഇങ്ങനെ ഈ രണ്ടുവിധ ഗ്രന്ഥങ്ങളും നിർദ്ദോഷവും വ്യവസ്ഥാപിതവുമായ ഒരു ഗദ്യരീതിയുടെ പശ്ചാത്തലം പടുക്കുവാൻ സർവ്വഥാ പര്യാപ്തമായിത്തീർന്നു. നവീന ഗദ്യസാഹിത്യാന്തരീക്ഷത്തിൽ മൂന്നു പ്രഭാതതാരങ്ങൾപോലെ വിലസുന്നവരാണു് ഗീവറുഗീസ് കത്തനാർ, കേരളവർമ്മ വലിയകോയിത്തമ്പുരാൻ, ഏ. ആർ. രാജരാജവമ്മ എന്നീ മൂന്നു മഹാശയന്മാർ. ഇവരിൽ കത്തനാർ ആധുനിക ഗദ്യസാഹിത്യത്തിൻ്റെ മാതൃകാപ്രദർശകനും, വലിയ കോയിത്തമ്പുരാൻ അതിൻ്റെ പ്രചാരകനും, ഏ. ആർ. അതിൻ്റെ വ്യവസ്ഥാപകനുമത്രേ. ബഹുമുഖങ്ങളായി ഭാഷയിൽ ഇന്നു പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന സാഹിത്യ പ്രസ്ഥാനങ്ങളിൽ വിവിധങ്ങളായ ഗദ്യരീതികളുടെ മാർഗ്ഗദർശികൾ എന്ന നിലയിൽ ഈ ത്രിമൂർത്തികൾ നമ്മുടെ ഭക്ത്യാദരങ്ങളെ അനവരതം അർഹിച്ചുകൊണ്ടുതന്നെയിരിക്കും; നിശ്ചയം.* (ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ ചങ്ങനാശ്ശേരി ലക്ഷ്മീപുരത്തു കൊട്ടാരത്തിൽ 1038 കുംഭം 9-ാം തീയതി ഭൂജാതനായി. കൊച്ചപ്പനെന്നായിരുന്നു ഓമനപ്പേർ. മാതാവു് വലിയകോയിത്തമ്പുരാൻ്റെ അമ്മയുടെ സഹോദരീപുത്രിയായ അംബാലികത്തമ്പുരാട്ടിയും, പിതാവു് കിടങ്ങൂർ ഓണന്തുരുത്തി പാറ്റിയിൽ ഇല്ലത്തു് വാസുദേവൻ നമ്പൂരിയുമായിരുന്നു. 1046 മുതൽ ചങ്ങനാശ്ശേരിയിൽ നിന്നു ഹരിപ്പാട്ടു താമസമാക്കി. ചുനക്കര അച്യുതവാര്യരാണു് സംസ്കൃതത്തിൽ ആദ്യപാഠങ്ങൾ പഠിപ്പിച്ചതു്. ക്രമേണ അനേകം ഭാഷകളിലും ശാസ്ത്രങ്ങളിലും അവിടുന്നു അത്ഭുതാവഹമായ വിധത്തിൽ അവഗാഹം നേടി. 1076-ൽ ‘ആംഗലസാമ്രാജ്യം’ പ്രസിദ്ധപ്പെടുത്തി. സംസ്കൃതത്തിൽ നിന്നു് അനേകം കൃതികൾ വിവർത്തനം ചെയ്തു. ശാസ്ത്രഗ്രന്ഥങ്ങൾ പലതും നിർമ്മിച്ചു. ആധുനിക മലയാളഭാഷയ്ക്ക് അസ്തിവാരവും ആരൂഢവും ഉറപ്പിച്ച ആ പണ്ഡിത സാർവ്വഭൗമൻ, 1093 മിഥുനം 4-ാം തീയതി 56-ാമത്തെ വയസ്സിൽ ദിവംഗതനായി.)
