നവീനയുഗം-ജി. ശങ്കരക്കുറുപ്പ്
ആശാൻ്റെ കാലശേഷം ഈ പദ്ധതിയെ പോഷിപ്പിക്കുകയും അതിനു ഭാഷാകവിതയിൽ പ്രതിഷ്ഠ നല്കുകയും ചെയ്തിട്ടുള്ളതു ശങ്കരക്കുറുപ്പാണെന്നു പറയാം. സ്വതന്ത്രമായി പുതിയപുതിയ സിംബലുകൾ സ്വീകരിച്ചു് അദ്ദേഹം അതിനു നൂതനത്വം വരുത്തി. ഇന്നു മലയാളത്തിലെ സിംബോളിക് കാവ്യരീതിയുടെ അധിനായകത്വം കുറുപ്പിലാണ് സ്ഥിതിചെയ്യുന്നതു്. കുറുപ്പിൻ്റെ പ്രതിരൂപാത്മക കവിതകളിൽ ‘നിമിഷം’ നടുനായകമായി വിലസുന്നു. ക്ഷുദ്രങ്ങളായ നിമിഷങ്ങളെ അല്പമാത്രജീവികളായ ചിത്രശലഭങ്ങളായി സങ്കല്പിച്ചുകൊണ്ടാണ് അതിൻ്റെ നിർമ്മാണം. ചിത്രശലഭം പൂവിലെ തേൻ നുകർന്നാനന്ദിച്ചുകൊണ്ട് അതിവേഗത്തിൽ പാറിപ്പറന്നുപോകുന്നതുപോലെ, ജീവിതമാകുന്ന കുസുമത്തിലെ മധുവാസ്വദിച്ചുകൊണ്ട് ഓരോരോ നിമിഷവും മനുഷ്യൻ പിന്നിലേക്കു തള്ളുന്നു:
നിമിഷത്തിന് ഒരു പൂമ്പാറ്റയുടെ രൂപം കൊടുത്തും അതിനെ വാക്കിൻ്റെ നാരിഴകളിൽ കുടുക്കി, അത്ഭുതവികസ്വരമായ കണ്ണുകളോടുകൂടി കവിഭാവന പ്രപഞ്ച ശക്തിയെ നിരീക്ഷിക്കുകയും ചില നിഗമനങ്ങളിൽ എത്തിച്ചേരുകയുമാണു പ്രസ്തുത കൃതിയിൽ ചെയ്യുന്നത്. ഒരേ തീയ്, ആരാമത്തിൽ, കൂണുകൾ, നാളെ എന്നു തുടങ്ങിയ കവിതകളും ഈ ഇനത്തിൽ ഉൾപ്പെട്ടവതന്നെ.
