പദ്യസാഹിത്യചരിത്രം. ഇരുപത്തിമൂന്നാമദ്ധ്യായം

നവീനയുഗം-ജി. ശങ്കരക്കുറുപ്പ്

സിംബോളിസം പലർക്കും ദഹിക്കാറില്ലെന്നു പറഞ്ഞുകേൾക്കാറുണ്ട്: ശരിയാണത്. സിംബോളിസം സമർത്ഥമായ ഒരു സാഹിത്യസങ്കേതമാണു്. അല്പം ഉയർന്ന ഭാവവും ഭാവനയും ഉള്ളവർക്കേ ധ്വന്യാത്മകമായ ഈ കാവ്യശൈലി സുഗ്രഹമാകയുള്ളു. ജനകീയതയ്ക്കു ലവലേശം പറ്റിയതല്ല. ആശയങ്ങളുടെ വിഭിന്നതയനുസരിച്ചു സിംബലുകൾ സുഗ്രഹങ്ങളോ ദുർഗ്രഹങ്ങളോ ആയിത്തീരുന്നു. ചങ്ങമ്പുഴയുടെ വാഴക്കുല ഒരു സിംബോളിക് കാവ്യമായി കണക്കാക്കാം. അതിലെ മലയപ്പുലയൻ അദ്ധ്വാനിക്കുന്ന വർഗ്ഗത്തിൻ്റെ നിസ്സഹായതയുടെ ഒരു സിംബൽ മാത്രമാണെന്നു് അനുവാചകർ എളുപ്പത്തിൽ ഗ്രഹിക്കും. എന്നാൽ ജി.യുടെ നിമിഷം അതുപോലെ ശ്രവണനിമിഷത്തിൽ സുഗ്രഹമല്ല. കവി നിമിഷത്തിനു പകരം പൂമ്പാറ്റയെ പ്രതീകമായി ഇവിടെ കല്പിച്ചിരിക്കുന്നു. അതിൻ്റെ ചിറകിൻ്റെ നാനാവണ്ണങ്ങൾ ”മാനവമാനസച്ചായങ്ങളാകിന നാനാവികാരങ്ങൾ” ചേർന്നതാണെന്നും, അതിൻ്റെ ഓരോ ചലനത്തിലും ”ആശയാലസ്വസ്ഥമായെഴുമാത്മാവിൻ്റെ പേശലമാകിയ വെമ്പലാ”ണു പ്രത്യക്ഷമാകുന്നതെന്നും, മററും ഉൽപ്രേക്ഷിക്കുന്ന കവിപ്രതിഭയുടെ മുമ്പിൽ ഭാവനൗന്നത്യം കുറഞ്ഞവരും ഉപരിപ്ലവബുദ്ധികളുമായ സാധാരണക്കാർക്കു വല്ലാതെ ഒരു വിഭ്രമം തോന്നിപ്പോകാവുന്നതാണു്. അവരെ സംബന്ധിച്ചിടത്തോളം ആ സിംബൽ ദുർഗ്രഹമായിരിക്കും. ഓരോ സിംബലുകൊണ്ടും പ്രതിഫലിപ്പിക്കുന്ന ജീവിതമണ്ഡലം സൂക്ഷ്മമോ സൂക്ഷ്മതരമോ ആയിത്തീരുന്നതനുസരിച്ചു ഇത്തരം കവിതകൾ സാധാരണക്കാർക്കു് കൂടുതൽ കൂടുതൽ ദുർഗ്രഹങ്ങളായിത്തീരുകയും ചെയ്യും.

കുറുപ്പിൻ്റെ പ്രതിരൂപാത്മക കവിതകളിൽ ഇങ്ങനെ ഒരു വൈകല്യം കുറെയൊക്കെ സംഭവിച്ചുപോയിട്ടുണ്ട്. അതു് അത്തരം കവിതകളുടെ സാർവ്വത്രികമായ പ്രചാരത്തിനു തടസ്സമായിത്തീർന്നിട്ടുമുണ്ട്. അതായതു് സുഗമമായ പ്രതിരൂപങ്ങളെ സ്വീകരിക്കായ്കകൊണ്ടും, അവയ്ക്കു കവിതയിൽ ആദ്യന്തം ഒന്നുപോലെ തെളിവും മിഴിവും വരുത്താൻ കഴിയാതെപോയിട്ടുള്ളതുകൊണ്ടും ആശയം സുഗ്രഹമല്ലാതെവന്നിട്ടുള്ള സന്ദർഭങ്ങൾ ഉണ്ടെന്നു സാരം. അതുപോലെതന്നെ കവി വാഗ്മിയായതുകൊണ്ടു പരന്ന ആശയങ്ങളെ പലപ്പോഴും ചുരുങ്ങിയ വാക്കുകളിൽ നിബന്ധിക്കാൻ ശ്രമിച്ചിട്ടുള്ളതു മൂലവും ഈ ദുർഗ്രഹത വർദ്ധിക്കുവാൻ ഇടയായിട്ടുണ്ട്.