നവീനയുഗം-ജി. ശങ്കരക്കുറുപ്പ്
നിമിഷത്തിലെ,
ആദർശം തന്നുള്ളിൽ സങ്കല്പച്ഛായക-
ണ്ടാദരിച്ചെത്രനാൾ പോക്കണം ഞാൻ?
എന്ന അന്ത്യഭാഗംതന്നെ നോക്കുക. ആദർശങ്ങൾക്കുള്ളിൽ സങ്കല്പരൂപങ്ങൾ ദർശിച്ചു കൊണ്ട് ഞാൻ എത്രകാലം കഴിച്ചുകൂട്ടണം? ആദർശത്തിൽ (കണ്ണാടിയിൽ) എന്ന പോലെ ആദർശചിന്തകൊണ്ടു മാത്രം സ്വകാമുകൻ്റെ ചിത്രംകണ്ട് അതിനെ ആദരിച്ച് എത്രകാലം കഴിഞ്ഞുകൂടണം? വാസ്തവമായ സായുജ്യം എന്നെങ്കിലുമുണ്ടാകുമോ? എന്നാണാവോ, എത്രകാലം കഴിഞ്ഞാലായിരിക്കുമോ, വസ്തുസ്ഥിതികളുടെ സാക്ഷാൽ സ്വരൂപം മനുഷ്യൻ ദർശിക്കുവാൻ പോകുന്നത്? അഥവാ അങ്ങനെ വാസ്തവികമായുള്ള അറിവിൻ്റെ പൂർണ്ണത എന്നെങ്കിലും മനുഷ്യനു സിദ്ധിക്കുമോ എന്തോ? ഇങ്ങനെ അഗാധവും വിശാലവും ചിന്താബന്ധുരവുമായ ഒരാശയമാണു ഉദ്ധൃതവരികളിൽ മിതാക്ഷരങ്ങളെക്കൊണ്ടു കവി നിബന്ധിച്ചിരിക്കുന്നതു്. പരക്കം പാച്ചിൽകാരായ സാധാരണവായനക്കാർക്കു് ഇതുവല്ലതും മനസ്സിലാകുമോ, ചിന്തിക്കാൻപോലും അവസരമുണ്ടോ? കുറുപ്പ് ഒരു ജനകീയ കവിയല്ലെന്നു ചിലർ അധിക്ഷേപിക്കുന്നതിൻ്റെ രഹസ്യവും ഇതിൽനിന്നു വെളിപ്പെടുന്നുണ്ടല്ലോ.
