നവീനയുഗം-ജി. ശങ്കരക്കുറുപ്പ്
വെമ്പുക! വിളറുക! വിറകൊള്ളുക! നോക്കൂ
നിൻ പുരോഭാഗത്തതാ, ധീരതേജസ്സാം ‘നാളെ’
കൂരിരുൾ പറക്കുന്നു നിങ്ങൾതൻ ഭാഗ്യത്തോടെ,
പാരിടമുണരുന്നു നിങ്ങൾതൻ ഭയത്തോടെ,
രക്തമാമുടുപ്പിന്മേൽ രക്തപുഷ്പവും കുത്തി
വ്യക്തവൈഭവം വന്നതെന്തിനാണെന്നോ ‘നാളെ’?
വേലതൻ ജയത്തിൻ്റെ പവിഴക്കൊടിക്കൂറ
ലീലയിൽപ്പറപ്പിച്ചു പാരിനെപ്പുതുക്കുവാൻ
നിങ്ങൾ കൈയടക്കിയ മോദവും പ്രകാശവും
മങ്ങലിൽക്കിടക്കുന്ന മന്നിനു പകുക്കുവാൻ;
നാലഞ്ചു താരങ്ങൾക്കു പുഞ്ചിരിക്കൊള്ളാൻ നിന്ന
കാലമക്കരിയിലത്തുമ്പിന്മേൽ വിറയ്ക്കുന്നൂ
പാവമാം കൃഷിക്കാരൻ തന്മുഖമാനന്ദോദ്യൽ
പാവനശ്രീയാൽ വെല്ലുവിളിക്കും ഭവാന്മാരെ
വെമ്പുക! വിളറുക! വിറകൊള്ളുക! നോക്കൂ
നിൻ പുരോഭാഗത്തതാ, ധീരകർമ്മമാം ‘നാളെ’
എന്നിങ്ങനെ മുന്നോട്ടുപോകുന്ന ആ കവിതയിൽ ജി.യുടെ വിപ്ലവബോധം ശരിക്കും പ്രതിബിംബിച്ചുകാണാം.
