നവീനയുഗം-ജി. ശങ്കരക്കുറുപ്പ്
‘ആരാമത്തിൽ’, ‘കൂണുകൾ’ എന്നീ പ്രതിരൂപാത്മകകവിതകളിലും പഴയ ദുഷ്പ്രഭുത്വത്തിൻ്റേയും അധികാരപ്രഭാവത്തിൻ്റേയും മറനീക്കിക്കാണിക്കുവാൻ കവി ശ്രമിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും പ്രതികൂലശക്തികളോടു നേരിട്ടെതിർക്കുവാൻ പുറപ്പെടാതെ ഏതോ ഒരു ഭീതിയാൽ, കവി ഇക്കാലത്തെ കവിതകളിൽ ഒരു ഒളിച്ചുകളി നടത്തിയിരുന്നുവെന്നു പറഞ്ഞാൽ അത് അധികം തെറ്റുവാനിടയില്ല.
സമുദായ പരിഷ്ക്കരണ പ്രചോദകമായ ഒരു ഈടുറ്റു വിപ്ലവകവിതയാണ് ‘തൂപ്പുകാരി’. പട്ടണത്തെരുവിൽ ചിതറിക്കിടക്കുന്ന ചപ്പും ചവറും അടിച്ചുവാരി ആ തെരുവു പാതയെ വൃത്തിയാക്കുന്ന തൂപ്പുകാരിയിൽ സമുദായത്തിലെ മാലിന്യങ്ങളും ജീർണതകളും തൂത്തുകളയാൻ ശ്രമിക്കുന്ന കവിയുടെ സാധർമ്മം ആരോപിക്കപ്പെട്ടിരിക്കുന്നു. ജനസേവനവ്യഗ്രയായ ആ തൂപ്പുകാരിയെ കവി രംഗപ്രവേശം ചെയ്യിക്കുന്നതുതന്നെ എത്രകണ്ട് ആകർഷകമായിരിക്കുന്നുവെന്നു നോക്കുക:
ഹാരിയല്ലവളുടെ രൂപ,മെന്നാലിത്തൂപ്പു-
കാരിതൻ മലിനമാം കരത്തിൻ വിശുദ്ധിയോ!
അവളുടെ കർമ്മതതിയെ അഭിനന്ദിച്ചുകൊണ്ടു കവി പിന്നീടു പറയുകയാണു്:
വന്നു നീ പിറന്നെങ്കിൽ കവിതൻ ഹൃദയത്തി-
ലെന്നുമുത്തമസ്നിഗ്ദ്ധഭാവനാരൂപം നേടി,
വന്നിനിജ്ജനിച്ചെങ്കിൽ മാർജ്ജനി കവിയുടെ-
യുന്നതാദർശം കോറും തൂവലായ് സത്യം തേടി.
