പദ്യസാഹിത്യചരിത്രം. ഇരുപത്തിമൂന്നാമദ്ധ്യായം

നവീനയുഗം-ജി. ശങ്കരക്കുറുപ്പ്

‘പെരുന്തച്ചൻ’ തൂപ്പുകാരിയേക്കാൾ ചിന്താസുന്ദരമായ ഒരു കാവ്യമാണ്. മനുഷ്യനിലുള്ള അസൂയയും ഭീതിയുമത്രെ ലോകത്തിൽ നടമാടുന്ന എല്ലാത്തരം വിദ്വേഷങ്ങൾക്കും ക്രൂരതകൾക്കും നിദാനമായിട്ടുള്ളത്. അകന്നവരിൽ മാത്രമല്ല, ഉറ്റവരിൽപ്പോലും, അച്ഛനു് മകനിൽപ്പോലും, ഈ വൈകൃതം ഉടലെടുത്തു കാണുന്നു.

എൻകരം തോറ്റാലെന്താണെന്മകൻ ജയിക്കുമ്പോൾ
എൻകണ്ണിലുണ്ണിക്കേലും പുകളെൻ പുകളല്ലേ?

എന്നു കരുതുവാനുള്ള ഹൃദയവിശാലത, അസൂയയുടേയും ഭീതിയുടേയും വളർച്ചയിൽ ഒരു പിതാവിൽപ്പോലും ചതഞ്ഞരഞ്ഞുപോകുന്നു. പെരുന്തച്ചനിൽ അതാണ് സ്പഷ്ടമായി തെളിഞ്ഞുകാണുന്നത്. നേരേ മോളിലാ മോന്തായത്തിൽ ഇരുന്ന് ആണി ചീവുന്ന പെരുന്തച്ചൻ്റെ കൈയിലെ വീതുളി,

ഊർന്നു കൈയറിയാതെ,യറിയാതെയാണുളി
നേർന്നു ഞാൻ മകൻ്റെ മേലിതു പോയി വീഴൊല്ലേ!