പദ്യസാഹിത്യചരിത്രം. ഇരുപത്തിമൂന്നാമദ്ധ്യായം

നവീനയുഗം-ജി. ശങ്കരക്കുറുപ്പ്

”പ്രൗഢസുന്ദരമായ ഈ നിബന്ധനം മലയാള സാഹിത്യത്തിനു് ഏതുകാലത്തും അഭിമാനിക്കാവുന്ന ഉൽകൃഷ്ടമായ ഒരു ഉപനിഷൽക്കാവ്യമാണു്” എന്നു് അവതാരികയിൽ ജി. കെ. എൻ. പ്രസ്താവിച്ചിട്ടുള്ളതിനോട് ഏതൊരാളും യോജിക്കാതിരിക്കയില്ല. ഉപനിഷത്തു മാത്രമല്ല, ആധുനിക ശാസ്ത്ര പ്രതിഫലനവും ഇതിൽ പ്രയുക്തമായിരിക്കുന്നു. കവിയുടെ ഉജ്ജ്വലഭാവന പ്രപഞ്ചത്തിൻ്റെ അപാരതയോളം വിശ്വദർശനത്തിൽ വളർന്നിരിക്കയാണു്. “വലിച്ചുമുറുക്കിക്കെട്ടിയ ശബ്ദാർത്ഥങ്ങളെക്കൊണ്ട് നിർമ്മിക്കുന്ന ചട്ടക്കൂടാണു് ജി.യുടെ കവിതകളിൽ പ്രായേണ കാണുന്നത്” എന്നുള്ള വിമർശകമതം ഈ കവിതയേയും ബാധിക്കാതിരിക്കുന്നില്ല. അതിനാൽ വിശ്വദർശനത്തിലെ കവിഭാവന, ‘നിമിഷം’, ‘കാലം’ തുടങ്ങിയ കൃതികളിൽ എന്നപോലെ ഉപരിപ്ലവബുദ്ധികളായ സാധാരണന്മാരെ ആകർഷിച്ചില്ലെന്നുവരാം. പക്ഷേ, വിചാരശീലന്മാരായ വിദ്വജ്ജനങ്ങളെ അത് എന്നും നിർവൃതികൊള്ളിക്കുകതന്നെ ചെയ്യും. ജി.യുടെ ഇതരകൃതികളെപ്പറ്റിയും ഇങ്ങനെ ഓരോന്നു പറഞ്ഞുതുടങ്ങിയാൽ ഈ കുറിപ്പു വളരെ നീണ്ടുപോകും.