പദ്യസാഹിത്യചരിത്രം. ഇരുപത്തിമൂന്നാമദ്ധ്യായം

നവീനയുഗം-ജി. ശങ്കരക്കുറുപ്പ്

സർവ്വദാ അന്തർമ്മുഖമായി ചിന്തിക്കയും എഴുതുകയും ചെയ്യാറുള്ള ഈ പ്രൗഢ കവി, ലൗകികജീവിതത്തിൻ്റെ രസികതകളെ ചിത്രീകരിക്കുന്നതിലും പരാങ്മുഖനായിരുന്നിട്ടില്ല.

കോണി കേറുന്നൂ പീനശ്രോണിമാർ മൃദുസ്നിഗ്ദ്ധ-
പാണിയിലൂണിൻ പിൻപിലുള്ള ചായയുമായി;
ചെന്നുരുമ്മുന്നൂ കാലിൽ കാശപ്പൂങ്കുലപോലെ
ചെമ്മേ വാൽവളച്ചുകൊണ്ടോമനശ്ശീമപ്പൂച്ച
ലൈംഗികകഥകളിൽ കൺകളെ മേയിച്ചേറെ-
ബ്ഭം​ഗിയിലിരിക്കുന്നൂ സോഫമേൽ യുവാക്കന്മാർ;
സാരിത്തുമ്പിന്മേൽ തുരുപ്പിടിച്ചും, സങ്കല്പത്തിൽ
നേരിയ സുഖമയസ്വപ്നങ്ങൾ തുന്നിക്കൊണ്ടും
വൻകലാലയങ്ങളിൽനിന്നിറങ്ങുന്നൂ പാത-
യിങ്കലേക്കൊരുകെട്ടു ബുക്കുമായ് കുമാരിമാർ;
ബാലകന്മാരോ വീഥിയിങ്കലെച്ചലച്ചിത്ര-
ശാലതൻ പടിക്കലെ പരസ്യപ്പലകമേൽ
പാതിയും സമുന്നതമാറിടം കാണിക്കുന്ന
പാടലാധരികളാം നടിമാരുടെ പടം
തിളങ്ങും കണ്ണാൽ നോക്കിത്തിക്കിനില്ക്കുന്നൂ രാഗം
തിരതല്ലീടും ഗാനം കാതിൽ വന്നലയുമ്പോൾ

എന്നിങ്ങനെയുള്ള ഭാഗങ്ങൾ നോക്കുക. ‘സാന്ധ്യതാരം’ 1972-ൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു സമാഹാരമത്രെ.