നവീനയുഗം-ജി. ശങ്കരക്കുറുപ്പ്
ജി.യുടെ സ്വതന്ത്രകൃതികളെക്കുറിച്ചുമാത്രമേ ഇതിനകം പ്രസ്താവിച്ചുള്ളൂ. ‘ഇളംചുണ്ടുകൾ,’ ‘ഓലപ്പീപ്പി’ എന്നീ ബാലസാഹിത്യകൃതികൾ വിട്ടിരിക്കയാണു്. സ്വതന്ത്രകൃതികൾക്കു പുറമേ, വിവർത്തനങ്ങൾ വഴിക്കും അദ്ദേഹം കാവ്യദേവതയെ ഉപാസിച്ചിട്ടുണ്ട്. ഓമർഖയാം എന്ന പാരസികകവിയുടെ ‘റുബായിയാത്ത്’, ഫിറ്റ്സ് ജെറാൾഡ് എന്ന ആംഗലകവി ആംഗലഭാഷയിൽ വിവർത്തനം ചെയ്തിട്ടുള്ളതിൻ്റെ വിവർത്തനമായ ‘വിലാസലഹരി’, കാളിദാസകൃതിയുടെ വിവർത്തനമായ ‘മേഘച്ഛായ’ എന്നിവ ആ ഇനത്തിൽ മുൻപന്തിയിൽ നില്ക്കുന്നു. ജി. ഏതാനും വർഷങ്ങൾക്കുമുമ്പു പുറപ്പെടുവിച്ച ബംഗാളിഗീതാഞ്ജലിയുടെ വിവർത്തനവും വിസ്മരിക്കാവുന്നതല്ല. ഗീതാഞ്ജലിക്കു ഭാഗികമായി മാത്രമേ ഇതിനുമുമ്പു ചില പദ്യവിവർത്തനങ്ങൾ ഉണ്ടായിട്ടുള്ളു. കുണ്ടൂർ നാരായണമേനോൻ, പി. ജി രാമയ്യർ, വി. ഉണ്ണിക്കൃഷ്ണൻനായർ തുടങ്ങിയവരാണു് ആ കൃത്യം നിർവ്വഹിച്ചിട്ടുള്ളതു്. ”ഒരു കോണിൽ നിന്നു നോക്കുമ്പോൾ സംസാരത്തിൻ്റെ സൗന്ദര്യത്തേയും മറ്റൊരു കോണിൽ നിന്നു നോക്കുമ്പോൾ ഐശ്വരയോഗത്തിൻ്റെ വൈചിത്ര്യത്തേയും, രണ്ടർത്ഥങ്ങളോടുകൂടിയ ഒരൊറ്റപ്പദം പോലും പ്രയോഗിക്കാതെ, ഒരേ അർത്ഥത്തിലൂടെ, ഒരേ അനുഭവത്തിൻ്റെ ഇരുവശങ്ങളാക്കി പ്രകാശിപ്പിക്കുവാൻ ഇന്നേവരെ ജനിച്ച ഒരു മഹാകവിക്കും സാധിച്ചിട്ടില്ലെന്നു സധൈര്യം പറയാവുന്ന” ആ വിശ്വോത്തരകാവ്യം – മിസ്റ്റിസിസം നിറഞ്ഞ ഗീതാഞ്ജലി – എന്നും ഏതു ഭാഷയ്ക്കും ഭൂഷണംതന്നെയാണു്. അതിനെ സ്വന്തഭാഷയിലേക്കു പകർത്തുവാൻ കുറുപ്പു കൈക്കൊണ്ട യത്നം ആദരാർഹമാണു്. ‘നൂറ്റൊന്നു കിരണങ്ങൾ’ എന്ന കൃതിയാണു് ജി.യുടെ വിവർത്തനങ്ങളിൽ മുഖ്യമായ മറ്റൊന്ന്. ആയിരക്കണക്കിനുള്ള ടാഗോർ കവിതകളിൽനിന്നു നൂറ്റൊന്നെണ്ണം തെരഞ്ഞെടുത്ത് ‘ടാഗോർ ശതാബ്ദി’ പ്രമാണിച്ചു കേന്ദ്രസാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ‘ഏകോത്തരശതി’ എന്ന കൃതിയുടെ പരിഭാഷയാണു് മേല്പറഞ്ഞ നൂറ്റൊന്നു കിരണങ്ങൾ.
