പദ്യസാഹിത്യചരിത്രം. ഇരുപത്തിമൂന്നാമദ്ധ്യായം

നവീനയുഗം-ജി. ശങ്കരക്കുറുപ്പ്

ഓടക്കുഴലും ജ്ഞാനപീഠം അവാർഡും: 1965 ഡിസംബർ 29. കേരളീ യസാഹിത്യചരിത്രത്തിൽ തങ്കലിപികളാൽ അങ്കിതമാക്കേണ്ട ഒരു സുദിനമാണ് ജി. ശങ്കരക്കുറുപ്പിൻ്റെ ഓടക്കുഴൽ ഭാരതീയജ്ഞാനപീഠത്തിൻ്റെ സമ്മാനത്തിനു് അർഹമായിത്തീർന്നതും അതുവരെ കേരളത്തിലെ ഒരു മഹാകവിയോ ഉൽകൃഷ്ടകവിയോ മാത്രമായി വിരാജിച്ചിരുന്ന ജി. ആധുനിക ഇന്ത്യയിലെ ഏറ്റവും ഉന്നതനായ ഒരു കവിയായുയർന്നതും അന്നായിരുന്നു. അഖിലേന്ത്യാ സാഹിത്യകാരന്മാരുടെ അഞ്ചാമതുസമ്മേളനം ആലുവാ ഉദ്യോഗമണ്ഡലിൽ നടന്നുകൊണ്ടിരുന്ന ഘട്ടമായിരുന്നതിനാൽ അടുത്ത ദിവസംതന്നെ അവിടെ വച്ച് അഖിലഭാരത സാഹിത്യകാരന്മാരുടെ അഭിനന്ദനവും അഭിവാദനവും മഹാകവിക്കു നേരിട്ട് നേടുവാൻ സാധിച്ചുവെന്നത് അദ്ദേഹത്തിൻ്റെ മറ്റൊരു ഭാഗ്യവും വിജയവുമാണു്. ജി.യുടെ അവിരതമായ മഹാശ്രമവും മഹാഭാഗ്യവും അന്യോന്യ രഞ്ജിതമായി സമ്മേളിച്ച് അദ്ദേഹത്തെ പ്രത്യക്ഷമായനുഗ്രഹിച്ച അനർഘനിമിഷവും അന്നുതന്നെയായിരുന്നു.

ജി.യെപ്പോലെ ഇത്രയേറെ വിമർശനങ്ങൾക്കു വിധേയനായ ഒരു കവി മലയാളത്തിൽ അടുത്തകാലത്തുണ്ടായിട്ടില്ല. ജി. ഒരു കവിയാണോ എന്നുവരെ ചിലർ സംശയിക്കാതെയുമിരുന്നില്ല. അത്തരത്തിൽ അതിരറ്റ എതിർപ്പുകളെ നേരിട്ടിരുന്ന ഒരു കവിയാണിന്നു ഭാരതത്തിൻ്റെ മഹാകവി എന്ന പദവിയിൽ എത്തിയിരിക്കുന്നതു്. കാചത്തെ കാഞ്ചനമാക്കിയും, കാഞ്ചനത്തെ കാചമാക്കിയും ചെപ്പും പന്തും കളിക്കുന്ന ലോകമേ, നമസ്കാരം!