പദ്യസാഹിത്യചരിത്രം. ഇരുപത്തിമൂന്നാമദ്ധ്യായം

നവീനയുഗം-ജി. ശങ്കരക്കുറുപ്പ്

1920 മുതൽ 1958 വരെയുള്ള കാലഘട്ടത്തിൽ ഭാരതീയ ഭാഷകളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള കൃതികളിൽവച്ച് ഏറ്റവും മികച്ച സാഹിത്യ സൃഷ്ടിയുടെ ജീവിച്ചിരിക്കുന്ന ഗ്രന്ഥകാരനു് ഒരു ലക്ഷം രൂപ സമ്മാനം നല്കുമെന്നു ഭാരതീയ ജ്ഞാനപീഠ പ്രവർത്തകർ പ്രഖ്യാപനം ചെയ്തിരുന്നു. അതനുസരിച്ച് തങ്ങൾക്കയച്ചുകിട്ടിയ സാഹിത്യ കൃതികളിൽ ഒരു കാവ്യഗ്രന്ഥത്തിനുതന്നെ ആദ്യതവണ സമ്മാനം കൊടുക്കുന്നതായിരിക്കും ഉത്തമമെന്നു കൃതികളുടെ പരിശോധനയിൽ ഏർപ്പെട്ട സിലക്ഷൻ ബോർഡ് തീർച്ചയാക്കി. ജ്ഞാനപീഠം സിലക്ഷൻ ബോർഡിൻ്റെ ചെയർമാനായിരുന്നത് പ്രസിദ്ധ പണ്ഡിതനും രാജസ്ഥാൻ ഗവർണ്ണരുമായ ഡോക്ടർ സമ്പൂർണ്ണാനന്ദനായിരുന്നു. ഇന്ത്യയിലെ അംഗീകൃതമായ പതിന്നാലു ഭാഷകളിൽനിന്നും അയച്ചുകിട്ടിയ കാവ്യഗ്രന്ഥങ്ങളിൽ ആദ്യത്തെ പരിശോധനയ്ക്കു ശേഷം ബംഗാളി, കന്നട, തെലുങ്ക്, മലയാളം എന്നീ നാലു ഭാഷകളിലെ നാലു കൃതികളാണു് അവസാനപരിഗണനയിൽ എത്തിച്ചേർന്നതു്. അഗ്നി വീണ (ബംഗാളി – നസ്‌രുൾ ഇസ്ലാം), മങ്കുതിച്ചണകാഗ (കന്നട – ഡോക്ടർ സി. വി. ഗുണ്ടപ്പ), വെയപദഗലു (തെലുങ്ക് – വി. സത്യാരണ്യ), ഓടക്കുഴൽ (മലയാളം – ജി. ശങ്കരക്കുറുപ്പ്) എന്നിവയാണ് പ്രസ്തുത കൃതികൾ. പിന്നീടു നടന്ന പരിശോധനയിൽ ഓടക്കുഴൽ പ്രഥമസ്ഥാനം നേടാൻ അർഹമായിത്തീരുകയും ചെയ്തു. പ്രസ്തുത കൃതി ഹിന്ദിയിൽ പരിഭാഷപ്പെടുത്തിയാണ് ജ്ഞാനപീഠത്തിനു സമർപ്പിച്ചിരുന്നത്. ഇതര കൃതികളും ഹിന്ദിയിൽ വിവർത്തനം ചെയ്യപ്പെട്ടവതന്നെയായിരുന്നു. അങ്ങനെ ഒരു നിശ്ചിതകാലയളവിൽ ഇന്ത്യൻഭാഷകൾ ഓരോന്നിലും ഉടലെടുത്ത കവിതകൾ ഇന്ത്യയുടെ ബന്ധഭാഷയോ രാഷ്ട്രഭാഷയോ ആയി പരിഗണിച്ചിട്ടുള്ള ഹിന്ദിയിൽക്കൂടി ഒരു പൊതുരംഗത്തു കൊണ്ടുവരുവാനും അവയിൽവച്ചു മെച്ചമേറിയ ഒന്നു തെരഞ്ഞെടുക്കുവാനും ഒരു സന്ദർഭമുണ്ടായതു് ഭാരതത്തിൻ്റെ വൈകാരികോൽഗ്രഥനത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും സഹായകവും ഗണനാർഹവുമായ ഒരു സംരംഭമായിരുന്നു എന്നുകൂടി ഇടയ്ക്കു പറഞ്ഞുകൊള്ളട്ടെ.