നവീനയുഗം-ജി. ശങ്കരക്കുറുപ്പ്
ഒരു പ്രകൃതിഗായകൻ്റേയും സൗന്ദര്യാരാധകൻ്റേയും നിലയിലാണു് ജി. ആദിമഘട്ടത്തിൽ വർത്തിച്ചിരുന്നതെങ്കിലും, പൗരാണികങ്ങളും ചരിത്രപരങ്ങളുമായ ചില കഥകളും അക്കാലത്തു കാവ്യവിഷയമാക്കാതിരുന്നിട്ടില്ല. ‘ഒരു പുരാവൃത്തം’ മുതലായ കവിതകൾ അങ്ങനെയുള്ളവയാണു്. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ഭാരതം ഒട്ടാകെയുണ്ടായ ദേശീയമായ ഉണർവ്വിൻ്റെ അലകൾ കേരളത്തിലും യഥാകാലം അടിച്ചുതുടങ്ങി. മഹാകവി വള്ളത്തോൾ ഈ ഘട്ടത്തിൽ രാജ്യസ്നേഹവും ദേശാഭിമാനവും പ്രോജ്ജ്വലിക്കുന്ന ഒട്ടുവളരെ ഗാനങ്ങൾ എഴുതിക്കൊണ്ടിരുന്നു. വള്ളത്തോൾ കേരളത്തിലെ ഏറ്റവും ശ്രദ്ധേയനായ കവിയായ് ഉയർന്നതും ആ കാലഘട്ടത്തിൽത്തന്നെയായിരുന്നല്ലൊ. മഹാകവിയുടെ മാർഗ്ഗത്തിൽക്കൂടി സഞ്ചരിക്കുവാൻ ഉൽപതിഷ്ണുക്കളായ അനേകം യുവകവികൾ അന്നു സന്നദ്ധരായി. പക്ഷേ, ആ ആചാര്യൻ തെളിച്ച സരണിയെ വിസ്തൃതവും വിമോഹനവുമാക്കാൻ ശങ്കരക്കുറുപ്പിനോളം മറ്റാർക്കും കഴിഞ്ഞില്ല. സാഹിത്യകൗതുകത്തിലെ ‘സ്വാതന്ത്ര്യഗീതം’ മുതലായവ അക്കാലത്ത് ഉടലെടുത്തവയാണു്. കുറുപ്പിൻ്റെ ദേശീയകവിതകൾ വിവിധരൂപത്തിലുള്ളവയത്രെ. ചിലതു കേരളീയം; ചിലതു ഭാരതീയം; ചിലതു വ്യക്തി സ്തോത്രങ്ങൾ; ചിലതു സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിങ്ങനെ. സാഹിത്യകൗതുകത്തിലെ ‘ഭാരതം വെൽവുതാക’ എന്നു തുടങ്ങിയ ഗീതങ്ങൾ ഭാരതത്തിൻ്റെ പ്രകൃതിസൗഭാഗ്യത്തെയും പരിഷ്ക്കാര മാഹാത്മ്യത്തേയും വിളംബരംചെയ്യുന്നു. ‘സ്വാതന്ത്ര്യഗീത’ത്തിൽ ഭാരതത്തിൻ്റെ സ്വാതന്ത്ര്യം വീണ്ടെടുക്കുവാൻ ജാതിമതഭേദമെന്യേ നാം ഒന്നിച്ചിറങ്ങി പൊരുതണമെന്നു് ആഹ്വാനം ചെയ്യുന്നു. പൂജാപുഷ്പത്തിലെ ‘അഴിമുഖത്തു്’ എന്ന കവിത, കേരളീയരുടെ ദേശാഭിമാനത്തെ തട്ടിയുണർത്തുന്നു. നവാതിഥിയിലെ ‘ജന്മർക്ഷം ജയിക്കുന്നു’, സൂര്യകാന്തിയിലെ ‘വന്ദനം തഥാഗതാ’, ഓടക്കുഴലിലെ ‘ഭാരതേന്ദു’ തുടങ്ങിയവ മഹാത്മജിയെക്കുറിച്ചുള്ള പ്രകീർത്തനങ്ങളത്രേ.
