പദ്യസാഹിത്യചരിത്രം. ഇരുപത്തിയഞ്ചാമദ്ധ്യായം

നവീനയുഗം (തുടർച്ച)

പാലാ നാരായണൻ നായർ: സമസ്തകേരളസാഹിത്യപരിഷത്തിൻ്റെ വാർഷികത്തോടനുബന്ധിച്ച് 1112-ൽ നടത്തിയ കവിതാമത്സരത്തിൽ ഒന്നാംസമ്മാനം നേടിയതോടുകൂടിയാണു് കാവ്യലോകത്തിൽ പലരും പാലാ നാരായണൻനായരെ പരിചയപ്പെട്ടുതുടങ്ങിയതു്. എങ്കിലും ക്രമപ്രവൃദ്ധമായി കാവ്യരചനയിൽ വളരുവാൻ ജീവിത യാതനകൾ അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. ജീവിതയാതനയും സാഹസ ബുദ്ധിയും വളർന്നതുമൂലം രണ്ടാം ലോക മഹായുദ്ധ കാലത്ത് അദ്ദേഹം പട്ടാളത്തിൽച്ചേർന്നു. പൂർവ്വേഷ്യയിൽ പല സ്ഥലത്തും തോക്കുമേന്തി ചുറ്റിത്തിരിഞ്ഞു് കുറച്ചുകാലം കഴിച്ചുകൂട്ടി. യുദ്ധാനന്തരം സ്വദേശത്തെത്തിയ ആ ധീര സാഹസികൻ തൂലികയേന്തി മനുഷ്യത്വത്തിൻ്റെ നിലനില്പിനുവേണ്ടി കാവ്യരൂപത്തിൽ പോരടിച്ചുകൊണ്ടിരിക്കയാണു്.

മുപ്പതിലേറെ കൃതികൾ അദ്ദേഹം ഇതിനകം, 1968-നുള്ളിൽ, എഴുതിക്കഴിഞ്ഞിട്ടുണ്ട്. എങ്കിലും ഏതാനും വർഷങ്ങളായി അദ്ദേഹം എഴുതിക്കൊണ്ടിരിക്കുന്ന ‘കേരളം വളരുന്നു’ എന്ന കാവ്യപരമ്പരയിൽക്കൂടിയാണു് ഇന്നു പലരും അദ്ദേഹത്ത കാണുന്നത്. കവിയുടെ പേരിനോട് ഏറ്റവും അനുബന്ധിച്ചുനില്ക്കുന്ന കവിതയും അതുതന്നെ. പാലായുടെ കീർത്തിധ്വജം കേരളത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള കവിതയും മറ്റൊന്നല്ല. പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും അന്യരാജ്യങ്ങളിലേക്കു പടർന്നുപന്തലിക്കുന്ന കേരളത്തിൻ്റെ സ്തുതിഗീതങ്ങളാണ് അതിൽ നിറഞ്ഞുവിലസുന്നതു്. ഭൂമിശാസ്ത്രപരമായും ചരിത്രപരമായും മറ്റും കേരളത്തിനുള്ള മഹിമാതിരേകം ഹൃദ്യമായും കലാപരമായും വർണ്ണിച്ചു കേരളത്തെ വളർത്തുവാൻ ഈ കാവ്യപരമ്പരവഴി കവിക്കു കഴിഞ്ഞിട്ടുണ്ട്. ഈ ബൃഹൽകാവ്യം ഭാഷാകവിതയിൽ പ്രത്യേകമായ ഒരു പഠനം അർഹിക്കുകതന്നെ ചെയ്യുന്നു.