നവീനയുഗം (തുടർച്ച)
എം. പി. അപ്പൻ: പനിനീർപ്പൂവെന്നപോലെ പടവാളും കവിതാവിഷയങ്ങളാക്കി രണ്ടിലും – പ്രേമഗാനങ്ങളിലും, സമരഗാനങ്ങളിലും – ഒരുപോലെ വിജയംവരിച്ചിട്ടുള്ള ഒരു മഹാകവിയാണു് എം. പി. അപ്പൻ. തൻ്റെ ഹൃദയത്തിനു ചലനമുണ്ടാക്കുന്ന ഏതു വിഷയത്തേയും അനുഭൂതിയുടെ അകമ്പടിയോടുകൂടി ആവിഷ്കരിക്കുവാൻ അദ്ദേഹത്തിനുള്ള വൈദഗ്ദ്ധ്യം അന്യാദൃശമെന്നേ പറയാവൂ. വിഷയത്തിൽനിന്നകന്ന് അപഥസഞ്ചാരം ചെയ്യുന്ന പതിവ് അദ്ദേഹത്തിനില്ല. ഏകാഗ്രതയോടുകൂടിയ ചിത്തവൃത്തിയാണു് അതിനു കാരണം. ഭാവഗീതങ്ങളെ ഗീതകങ്ങളുടെ സമ്പ്രദായത്തിൽ, അവയുടെ ഉദയോൽപതനലയങ്ങളിൽ സംഭവിക്കേണ്ട പൗർവ്വാപര്യത്തോടെ, വിലേഖനം ചെയ്യുവാൻ കഴിവുറ്റ കവികൾ അപ്പനെപ്പോലെ കേരളത്തിൽ അധികംപേരുണ്ടെന്നു തോന്നുന്നില്ല. വെള്ളിനക്ഷത്രം, ലീലാസൗധം എന്നീ സമാഹാരങ്ങൾ അതിനു് ഉത്തമനിദർശനങ്ങളാണു്. വെള്ളിനക്ഷത്രത്തെപ്പറ്റി പ്രസ്താവിച്ചപ്പോൾ ഒരു വസ്തുത പ്രത്യേകം എടുത്തു പറയേണ്ടതായി വരുന്നു. മലയാളഭാഷയിൽ ഗീതകങ്ങൾമാത്രം അടങ്ങിയ ഒരു കൃതി ആദ്യമായി പ്രസിദ്ധപ്പെടുത്തിയത് അപ്പൻ്റെ വെള്ളിനക്ഷത്രമാണു്. 1938-ൽ പ്രസിദ്ധപ്പെടുത്തിയ പ്രസ്തുത കൃതിക്കുമുമ്പു് അത്തരത്തിലുള്ള ഒരു സമാഹാരം ഭാഷയിൽ ഉടലെടുത്തതായി എൻ്റെ ദൃഷ്ടിയിൽപ്പെട്ടിട്ടില്ല. അതിനാൽ ആ വിഷയത്തിലും അപ്പനു് അഭിമാനത്തിനും കൃതാർത്ഥതയ്ക്കും അവകാശമുണ്ട്.