പദ്യസാഹിത്യചരിത്രം. ഇരുപത്തിയഞ്ചാമദ്ധ്യായം

നവീനയുഗം (തുടർച്ച)

ഇനി നമുക്ക് അദ്ദേഹത്തിൻ്റെ കൃതികളുടെ ഉള്ളിലേക്ക് അൽപ്പമൊന്നു കടന്നു നോക്കാം. ലീലാസൗധത്തിലെ കവിയുടെ ‘കവി’യെത്തന്നെ ആദ്യം ദർശിക്കുക. തൻ്റെ മനോവല്ലിയിൽ പൂത്തുനില്ക്കുന്ന നന്മലർത്തൊത്താകുന്ന കവിത കണ്ട് ആ സുകുമാരകലാകുശലൻ്റെ ആനനം ആനന്ദരശ്മി ചൊരിഞ്ഞുകൊണ്ടിരിക്കേ, ആ സുന്ദരസ്വപ്നത്തിൽനിന്നു തന്നെ ഉണർത്തുന്ന കുപ്പിവളകളുടെ കിലുകിലാരവം അയാളുടെ കാതുകളിൽ വന്നലയടിക്കുകയായി. അടുത്ത നിമിഷത്തിൽ ആ കിലുകിലാരവത്തിൻ്റെ ഉടമസ്ഥയായ ധർമ്മപത്നി കാഞ്ചനവല്ലി കാലുഷ്യമാർന്നു കവിയോടു ചോദിക്കുകയാണ്:

കുത്തിക്കുറിച്ചുകൊണ്ടിങ്ങിരുന്നാ-
ലത്താഴമൂണിനിന്നെന്തു ചെയ്യും?

ആ ചോദ്യം സ്ഥാനത്തുതന്നെ ചെന്നുതട്ടി. ഉല്ലോലകല്ലോലം തല്ലി നിന്ന കവിയുടെ ആ ഉല്ലസന്നേത്രത്തിൽനിന്നു്, ഉടനെ മൂന്നുനാലു വൈഡൂര്യബിന്ദുക്കൾ ആ വാർതാളിൽ അടർന്നുവീണുകഴിഞ്ഞു. മനോധർമ്മമസൃണമായ ആ മുഗ്ദ്ധകോമള നവ്യകാവ്യം, ഉള്ളമുരുകിയൊലിച്ച കണ്ണീർത്തുള്ളിയിൽ ഒട്ടൊട്ടു മാഞ്ഞുകഴിഞ്ഞു.

ആശയറ്റോരക്കവീന്ദ്രഹൃത്തും – ആശാമുഖവുമിരുളടഞ്ഞു.

ഇതാണു് അതിലെ കാവ്യശില്പം. ഭാവസാന്ദ്രതയാലും ഉചിതരസവിചാരത്താലും എത്രകണ്ടു ചിന്താസുന്ദരമായിരിക്കുന്നു പ്രസ്തുത കൃതിയെന്നു് അനുവാചകരെ പറഞ്ഞറിയിക്കേണ്ടതില്ല. ‘ഭാവഗീതകത്തിൽ ഒരൊറ്റ ആശയം മാത്രമേ ആവിഷ്കരിക്കാൻ പാടുള്ളു എന്നാണു നിയമം. അതായതു് കവിയുടെ ഹൃദയസമുദ്രത്തിലെ ഒരു വീചിമാത്രം- ഒരു വികാരവീചി. ഇതാണ് ഗീതകത്തിൻ്റെ ജീവൻ.’ ഈ ലക്ഷണം പ്രസ്തുത കൃതിയിൽ എങ്ങനെ വിലസുന്നുവെന്നു കാവ്യപഠിതാക്കൾക്കു സുവ്യക്തമാണല്ലൊ. അല്ലെങ്കിലെന്തിനു് ലീലാസൗധത്തിലെയും വെള്ളിനക്ഷത്രത്തിലെയും ഏതു കവിതയും ഇതിനുദാഹരണമായി പ്രദർശിപ്പിക്കാവുന്നതാണു്.