നവീനയുഗം (തുടർച്ച)
കിഴക്കും പടിഞ്ഞാറും കൂട്ടിച്ചേർത്തു് വസുധൈവകുടുംബകം ആചരിക്കുവാനായിരുന്നു ഉദാരചരിതനായ ആ വിശ്വവീരൻ ആഗ്രഹിച്ചിരുന്നത്. ആ അഭിലാഷം സഫലീകൃതമാക്കി കൃതാർത്ഥരാകുവാനാണ് പുണ്യതീർത്ഥങ്ങളോടു് എന്ന വ്യാജേന കവി ഭാരതത്തിൻ്റെ ഉത്തമസന്താനങ്ങളോട് അഭ്യർത്ഥിക്കുന്നതു്. ഭാവവും ഭാവനയും എത്രമാത്രം സമഞ്ജസമായി ഇവിടെ പരസ്പരാശ്ലേഷം ചെയ്യുന്നുവെന്നു നോക്കുക. ഹൃദയഹാരിയായ ഒരു പ്രശാന്തവിപ്ലവത്തിൻ്റെ മന്ദ്രതൂര്യമാണു് ഇതിലെ ഓരോ വരിയിലും പ്രതിധ്വനിക്കുന്നതു്.
ഇതുപോലെതന്നെ എടുത്തുപറയത്തക്ക ഒന്നാണു് ‘സൗന്ദര്യധാര’യിലെ ‘പ്രകൃതിയും കവിയും’ എന്ന കവിത. ഭാവുകഹൃദയങ്ങളെ അത്യധികം ആകർഷിക്കുവാൻ പോരുന്ന ഒരു കൃതിയാണിത്. പ്രകൃതി മണ്ണിൽനിന്നു നിർമ്മിച്ച പൂവിൻ്റെ പ്രഭാപൂരം തീജ്വാലയ്ക്കൊപ്പം അല്പകാലം കൊണ്ടു മങ്ങിമറഞ്ഞു. എന്നാൽ കവിയുടെ,
ഭാവനാസന്താനമാം സുന്ദരസൂനമോ
ഭാസുരതരമായി വിളങ്ങീ വെൺതാരപോൽ.
സൃഷ്ടിവൈഭവം നോക്കുക! ‘അപാരേ കാവ്യസംസാരേ കവിരേവ പ്രജാപതിഃ’ എന്ന തത്ത്വം ഇത്തരം കൃതികളിൽക്കൂടിയാണു് ഉത്തമകവികൾ പ്രകാശിപ്പിക്കുക. ഒരുപക്ഷേ, അപ്പൻ തൻ്റെ കവിതയുടെ ഭാവിയും പരോക്ഷമായി ഇതിൽ പ്രതിദ്ധ്വനിപ്പിക്കുന്നില്ലേ എന്നു സംശയിക്കുകയാണ്.