പദ്യസാഹിത്യചരിത്രം. ഇരുപത്തിയഞ്ചാമദ്ധ്യായം

നവീനയുഗം (തുടർച്ച)

ഭൂമിയും സ്വർഗ്ഗവും എന്ന കൃതിയിൽ ഉള്ള ഒരു മുക്തകം നോക്കുക. കവിയുടെ സത്യദർശനത്തിൻ്റെ ചരിത്രം മുഴുവനും ഒരു കനകച്ചെപ്പിലടച്ച വാസന്തികപരിമളം പോലെ ഒതുക്കിവച്ചിരിക്കുന്നു:

നിന്നെത്തേടുകയായി ഞാൻ തരുണിയിൽ-
ക്കാവിൽ കുളിർച്ചോലയിൽ
കുന്നിൽ, ഘോരവനങ്ങളിൽ, ഗുഹകളിൽ-
ച്ചന്ദ്രാർക്കതാരങ്ങളിൽ
ഒന്നും നിർവൃതിനൽകിയില്ല, ഒടുവിൽ
ധ്യാനസ്ഥനായ് വാണു ഞാൻ
എന്നിൽക്കണ്ടിതു നിന്നെ ഞാനമൃതമായ്
ആനന്ദമായ് സത്യമായ്.

സർവ്വദാ പ്രസാദാത്മകനായ ഒരു കവിയാണ് അപ്പൻ. വള്ളത്തോളിൻ്റെ കാവ്യദേവതയെപ്പോലെ ഈ കവിയുടെ കവിതാകാമിനിയും ലോകത്തിലെ നിതാന്തരമണീയപ്രദേശങ്ങളിൽക്കൂടിയേ അധികവും സഞ്ചരിക്കാറുള്ളു. ദുഃഖഭൂയിഷ്ഠമായ ഈ ലോകത്തിൽ മനുഷ്യനു് അല്പസമയത്തേക്കെങ്കിലും ആനന്ദമരുളേണ്ട ഒന്നാണല്ലോ കവിത. ദുഃഖിക്കുവാനുള്ള വകകൾ ചുററിലും വേണ്ടത്ര ഉണ്ടായിരിക്കെ, പിന്നെയും ലോകത്തെ ദുഃഖത്തിലാഴ്ത്തേണ്ട ആവശ്യവുമില്ല. സൗന്ദര്യോപാസകനായ കവി ആനന്ദത്തെത്തേടി യാഥാർത്ഥ്യങ്ങളെ വിസ്മരിച്ചുകളയുന്നുവെന്നു് ഇതുകൊണ്ടർത്ഥ‌മാക്കേണ്ടതുമില്ല. ചിലപ്പോൾ ഒരു വിപ്ലവകാരിയായും മനുഷ്യസ്നേഹിയായും അദ്ദേഹം കവിതകളിൽ കളിയാടുന്നതു കാണാം. ഭാവശില്പം പോലെതന്നെ മധുരോദാരമാണ് കവിയുടെ ശബ്ദശില്പവും. ദ്രാവിഡസംസ്കൃതവൃത്തങ്ങൾ രണ്ടും, കവിക്ക് ഒന്നുപോലെ അനായാസമായി കൈകാര്യം ചെയ്യുവാൻ കഴിയും. സംസ്കൃത വൃത്തങ്ങളിൽ ശാർദ്ദൂലവിക്രീഡിയത്തോടാണു് അദ്ദേഹത്തിനു കൂടുതൽ പ്രതിപത്തി എന്നു തോന്നുന്നു.