പദ്യസാഹിത്യചരിത്രം. ഇരുപത്തിയഞ്ചാമദ്ധ്യായം

നവീനയുഗം (തുടർച്ച)

നാലാങ്കൽ കൃഷണപിള്ള: തോന്നിയതെല്ലാം തോന്നിയപോലെ എഴുതിത്തള്ളുന്ന ഒരു കവിയല്ല നാലാങ്കൽ കൃഷ്ണപിള്ള എം. എ. എൽ. ടി. മിതഭാഷിയായ അദ്ദേഹം ഏകാഗ്രതയോടും ഭാവശുദ്ധിയോടും കൂടി മാത്രമേ കാവ്യരചനയ്ക്കു പുറപ്പെടാറുള്ളു. അതുകൊണ്ട് എണ്ണത്തിൽ അദ്ദേഹത്തിൻ്റെ കൃതികൾ വളരെ വർദ്ധിച്ചിട്ടില്ല. ലാളിത്യവും പ്രസന്നതയും നിറഞ്ഞ ചുരുക്കം ചില കൃതികളെ അദ്ദേഹം രചിച്ചിട്ടുള്ളു.

അഴകിൻകൊടിയെങ്ങെന്നഴകിൻ കൊടിയെങ്ങെ-
ന്നഴൽ നീക്കിടും ദിവ്യപീയൂഷമെങ്ങെൻ തോഴീ?

എന്ന നിവേദനത്തിലൂടെ ആരംഭിക്കുന്ന ‘രാഗതരംഗ’മാണു് നാലാങ്കലിൻ്റെ ആദ്യത്തെ സമാഹാരം. 1112-ൽ പുറപ്പെടുവിച്ച പ്രസ്തുത സമാഹാരത്തെത്തുടർന്നു ശോകമുദ്ര, വസന്തകാന്തി, രത്നകങ്കണം, ആമ്പൽപ്പൊയ്ക, പ്രിയദർശിനി, സൗഗന്ധികം, കസ്തൂരി, ഇങ്ങനെ ഏതാനും സമാഹാരങ്ങളും പ്രസിദ്ധപ്പെടുത്തുകയുണ്ടായി.

ആമ്പൽപ്പൊയ്കയിൽ, തിരുമുൽക്കാഴ്ച മുതൽ പരിഭവോക്തികൾവരെ മുപ്പത്തൊന്നു കവിതകൾ അടങ്ങിയിരിക്കുന്നു. രാത്രിയിൽ വിരിഞ്ഞു കളിയാടുന്ന ആമ്പൽപ്പൂവിനെ കവി പ്രേക്ഷിക്കുന്നതു നോക്കുക:

അമ്പിളിതൻ്റെ രജതമാം ധൂളിക-ളംബരം വിട്ടു നിശീഥിനിയിൽ
പാരം തണുപ്പേലുമിത്തടാകത്തിൽ വന്നാരാൽ കുളിച്ചുകളിക്കയാണോ?
ആമ്പലേ, രാവിൽ വിരിഞ്ഞു നീ പൊങ്ങുമ്പോൾ-
നാമ്പിടുന്നീദൃശം ചിന്തയെന്നിൽ.