പദ്യസാഹിത്യചരിത്രം. ഇരുപത്തിയഞ്ചാമദ്ധ്യായം

നവീനയുഗം (തുടർച്ച)

പ്രശാന്തസുന്ദരമാണു് നാലാങ്കലിൻ്റെ ഗാനങ്ങൾ. കവിയുടെ ഉൽപതിഷ്ണുത്വം ഈ സമാഹാരത്തിലെ ‘പുതിയ ബന്ധങ്ങളി’ൽ പ്രകാശിപ്പിച്ചിരിക്കുന്നു. ദുരവസ്ഥയിൽ ചാത്തനും സാവിത്രിയുമായുള്ള ബന്ധമാണെങ്കിൽ, ഇവിടെ മറ്റൊരു ചാത്തൻ്റെ കിടാത്തിയായ ചീതയും ഉണ്ണിനമ്പൂരിയും തമ്മിലുള്ള ബന്ധമാണു് പ്രത്യക്ഷമാകുന്നതു്. ‘ഇമ്മട്ടിലെത്തട്ടെ നൂതന ബന്ധങ്ങൾ രമ്യമായ്’ എന്നു കവി ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.

വിശ്രമവേളകളോമൽസ്വപ്നം – വിരവൊടു കാണ്മാൻ ലഭിയായ്കിൽ
സൗന്ദര്യത്തിൻ പൊയ്കയിൽ മുങ്ങാൻ – സമയം ഹൃത്തിനു കിട്ടായ്കിൽ
ദുസ്സഹമത്രേ, കൃത്രിമമത്രേ – ദുഃഖദമത്രേ നരജന്മം.

പ്രകൃതിസൗന്ദര്യത്തിൽ മുങ്ങിക്കുളിക്കുന്ന കവിയുടെ അഭിലാഷമാണു് ഇവിടെ പ്രകാശിപ്പിക്കുന്നതു്. കവിയുടെ ജീവിത വീക്ഷണവും ശ്രദ്ധേയം തന്നെ.

ജീവിതം സൗന്ദര്യാനുഭൂതിയിൽ വിടരേണം
ജീർണ്ണപുഷ്പം പോലല്ലെന്നാകിലോ കൊഴിയേണം. (കുന്യാകുമാരി)

കവിയുടെ ആദർശത്തിൻ്റേയും സംസ്ക്കാരത്തിൻ്റേയും പ്രകാശനങ്ങളാണു്,

സീസറും ചെങ്കിസ്ഖാനും ജീവിപ്പൂ ചരിത്രത്തിൽ,
ജീസസ്സും ശ്രീബുദ്ധനും മാനവമനസ്സിലും (സൗഗന്ധികം)

എന്നിങ്ങനെയുള്ള വരികളിൽ കാണുന്നതു്.