നവീനയുഗം (തുടർച്ച)
കേരളത്തിൻ്റെ പ്രകൃതിരമണീയത, ഇവിടത്തെ ക്ഷേത്രങ്ങൾ, തീർത്ഥഭൂമികൾ, തിരുവോണം, തിരുവാതിര തുടങ്ങിയ ദേശീയാഘോഷങ്ങൾ, ആചാര്യശങ്കരൻ, മേല്പത്തൂർ, തുഞ്ചൻ, കുഞ്ചൻ തുടങ്ങി മൺമറഞ്ഞ മഹാപുരുഷന്മാരെപ്പറ്റിയുള്ള അപദാനങ്ങൾ ഇങ്ങനെ പലതിനെപ്പറ്റിയും, സർവ്വതോഭദ്രമായ ഒരു സുന്ദരശൈലിയിൽ ഇതിൽ വർണ്ണിച്ചിരിക്കുന്നു. എന്തിനധികം? ഇവിടത്തെ കല്ലിലും പുല്ലിലുംകൂടി ഭവ്യതയും ദിവ്യതയുമേ അദ്ദേഹം ദർശിക്കാറുള്ളു:
ഇവിടെപ്പിറക്കുന്ന കാട്ടുപുല്ലിലുമുണ്ട്
ഭുവനം മയക്കുന്നചന്തവും സുഗന്ധവും
ഇവിടെക്കിടക്കുന്ന കാട്ടുകല്ലിലുമുണ്ട്
വിവിധസനാതനചൈതന്യപ്രതീകങ്ങൾ.
ചുരുക്കത്തിൽ കേരളത്തിൻ്റെ അന്നുതൊട്ട് ഇന്നുവരെയുള്ള ചേതനാചേതനങ്ങളായ മിക്കവയുടേയും ഭാവരൂപങ്ങൾ എത്രയും സമഞ്ജസമായും സമഗ്രമായും ഇതിൽ ചിത്രീകരിച്ചിരിക്കുന്നു എന്നുതന്നെ പറയാം. വള്ളത്തോളിൻ്റെ രചനാശില്പം – ശയ്യാപാകാദി രാജൽസ്സരസത – പാലായ്ക്ക് ഏറ്റവും സ്വാധീനമായിത്തീർന്നിട്ടുള്ളതിൻ്റെയും ഒരു ഉത്തമനിദർശനമാണു് ഈ മഹാകാവ്യം.
