നവീനയുഗം (തുടർച്ച)
സിന്ദൂരരേഖ: നാലാങ്കലിൻ്റെ ഷഷ്ടിപൂർത്തി പ്രമാണിച്ചു് 1970-ൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു വിശിഷ്ടസമാഹാരമാണു് സിന്ദൂരരേഖ. കവി, കാവ്യരചന ആരംഭിച്ചതു മുതൽ 1970 വരെയുള്ള കാലയളവിൽ എഴുതിയിട്ടുള്ള കൃതികളിൽനിന്നു തെരഞ്ഞെടുത്ത 108 ഭാവഗീതങ്ങൾ ഇതിലടങ്ങിയിരിക്കുന്നു. കവിഹൃദയത്തിൻ്റെ പ്രാസാദമാധുര്യങ്ങൾ ഇതിലെ ഓരോ കവിതയിലും പ്രതിഫലിച്ചു കാണാം. ‘ഭാഷാഭഗവതിയുടെ നെറ്റിത്തടത്തിലെ സിന്ദൂരക്കുറിപ്പായി നാലാങ്കലിൻ്റെ സിന്ദുരരേഖ പരിലസിക്കുമെ’ന്നുള്ള വെണ്ണിക്കുളത്തിൻ്റെ അഭിപ്രായം സഫലമായിത്തീരട്ടെ എന്നു് ഈ ലേഖകൻ ആത്മാർത്ഥമായി ആഗ്രഹിക്കുകയാണു്.
ഡോക്ടർ എസ്. കെ. നായർ: ചങ്ങമ്പുഴയോടൊപ്പം കവിതയെഴുതിത്തുടങ്ങിയെങ്കിലും അചിരേണ ആ രംഗത്തുനിന്നു വിട്ടുമാറുകയാണുണ്ടായത്. എങ്കിലും ചിലതു കുറിക്കുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഗിരിഗാഥ, സോവിയറ്റു കവിത മുതലായവ ഇവിടെ പേർ പറയത്തക്കവയാണ്. എസ്. കെ.യുടെ കൃതികളിൽ പ്രധാനമായതു കമ്പരാമായണംതന്നെ. തമിഴിൽനിന്നു മലയാളത്തിലേക്കു ചെയ്തിട്ടുള്ള ആ മനോഹര വിവർത്തനം അതീവ ശ്രദ്ധേയമാണു്. വിവർത്തനത്തോടൊപ്പം മൂലവും ചേർത്തിട്ടുള്ളതു പരിശോധകന്മാർക്കു മാറ്റുരച്ചുനോക്കുവാൻ കൂടുതൽ സഹായകമായിത്തീരുന്നുണ്ട്. ശയ്യാഗുണംകൊണ്ട് എഴുത്തച്ഛൻ്റെ കിളിപ്പാട്ടുകൾക്കു തുല്യമായ നില, കമ്പരാമായണ വിവർത്തനത്തിനുണ്ടെന്നുള്ളത് പണ്ഡിതസഹൃദയന്മാർ പൊതുവെ സമ്മതിച്ചുകഴിഞ്ഞിട്ടുള്ളതാണു്.