നവീനയുഗം (തുടർച്ച)
ജലക്രീഡ:
മലർനിരകൾ തങ്ങിടും നീർച്ചാലുനോക്കിയ –
മ്മധുപകുലമാർപ്പിട്ടു പൊന്തുമാറങ്ങനെ
വിനയറുതിചെയ്തീടും വിണ്ണവർനാട്ടിലെ-
ജ്ജനതതികൾ നാണിച്ചുനില്ക്കുമാറങ്ങനെ
തരുണകുലമാമലർപ്പൂങ്കാവിൽ നിന്നുടൻ
കരികരിണിമാരെന്ന പോലവേ പോകയായ്!
മൂലം – പുനല്‌വിളയാട്ടുപ്പടലം
പുനൈമലർത്തടങ്കണോക്കിപ്പൂശൽവണ്ടാർത്തുപ്പൊങ്ക
വിനൈയറുതുറക്ക നാട്ടുവിണ്ണവർകണമുനാണ
അനകരുമണങ്കനാരു മമ്മലർചോലൈ നിൻറു
വനകരി പിടികളോടു വരുവന വെന്നവന്താർ. (ബാലകാണ്ഡം പേജ് 348)
ടി. പി. മാത്യു, വൈലത്തൂർ: മഹദാദർശങ്ങളും നവംനവങ്ങളായ ഭാവനകളും ഉൾക്കൊള്ളുന്ന പല ഖണ്ഡകാവ്യങ്ങളും എഴുതി പ്രസിദ്ധനായിട്ടുള്ള ഒരു കവിയാണു ടി. പി. മാത്യു ബി. എ., ബി.എൽ. മാത്യു ഒരു പബ്ലിക് പ്രോസിക്യൂട്ടറാണെങ്കിലും കവിതാകാമിനി അദ്ദേഹത്തിൻ്റെകൂടെ നിർഭയം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ‘ഹിമവാൻ്റെ പുത്രി’ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുള്ള 18 കവിതകളുടെ സമാഹാരമാണു്. ‘ഇപ്പൂർവ്വരാജ്യസംസ്കാരപ്രവാഹത്തിൻ- നൽപ്രതിരൂപ’മായിട്ടാണു ഹിമവൽ പുത്രിയായ ഗംഗയെ കവി വർണ്ണിക്കുന്നതു്:
വർണ്ണവും പക്ഷവും നോക്കാതയൽക്കാരെ-
ത്തന്നലക്കയ്യാൽത്തലോടിയാർദ്രം,
പറയുന്നു പൂർവ്വബന്ധത്താലനന്തതാ-
സായൂജ്യപ്രാപ്തിക്കായ്പ്പാവനാംഗി.
ആ യാത്രയിൽ ആർഷധർമ്മങ്ങളെപ്പറ്റിയുള്ള ചിന്തയും പരമാർത്ഥമായ ജീവിതവും ആ പർവ്വത പുത്രി ലോകത്തിനു നിദർശനമായി പ്രദർശിപ്പിക്കുന്നു:
ക്ഷേത്രവും ബുദ്ധവിഹാരവും പള്ളിയു-
ണ്ടീ ലോകവാസികൾക്കാകമാനം.