പദ്യസാഹിത്യചരിത്രം. ഇരുപത്തിയഞ്ചാമദ്ധ്യായം

നവീനയുഗം (തുടർച്ച)

ചക്കരമാവ്, മതംമാറ്റം എന്നീ കവിതകളിൽ മാനുഷഭാവങ്ങളുടെ ചിത്രീകരണത്തിനു് കവി സമർത്ഥമായി ശ്രമിച്ചിട്ടുണ്ട്. ആദർശ പ്രകാശനത്തിലുള്ള പ്രതിപത്തി, പ്രകൃത്യുപാസന ഇവ രണ്ടും മാത്യുവിൻ്റെ കൃതികളിൽ പൊതുവെ കാണുന്ന സവിശേഷതകളാണു്. ‘അഴലിൻ്റെ നിഴലിൽ’ എന്ന സമാഹാരത്തിൽ 12 കവിതകൾ അടങ്ങിയിരിക്കുന്നു.

വി. വി. കെ: കാലപ്രവാഹത്തിൽ ബഹുദൂരം സഞ്ചരിച്ച് അതിൽ വിലീനമായിത്തീരാറുള്ള മനുഷ്യജീവിതത്തിൽനിന്നു് അമൂല്യങ്ങളായ അനുഭൂതികളെ സഞ്ചയിച്ചു അവയെ വികാരത്തിൻ്റേയും ഭാവനയുടേയും അകമ്പടിയോടുകൂടി ആവിഷ്കരിക്കുവാൻ വി. വി. കെ. നമ്പ്യാർക്കുള്ള വൈദഗ്ദ്ധ്യം അനിതരസാധാരണമാണു്. ജീവിതത്തിൻ്റെ ഗതിയും ഗതികേടും അതിൻ്റെ നാനാവിധമായ നിനവുകളും നമ്പ്യാരെപ്പോലെ സൂക്ഷ്മദൃഷ്ടിയോടുകൂടി നിരീക്ഷിച്ചിട്ടുള്ള കവികൾ ഇന്നു ചുരുക്കമേയുള്ളു.

മനുഷ്യൻ മനുഷ്യൻ്റെയുള്ളറതുറന്നൊറ്റ
നിമിഷം കണ്ടാൽ പിന്നെയുണ്ടാമോ കലാപങ്ങൾ?
കയ്യിലെദ്ദീനം കാലിലാണെങ്കിലല്പം ഭേദം
കയ്യിലാണെങ്കിൽ ഭേദം കാലിലേതെന്നാമന്യൻ
ഇത്രയേ മനുഷ്യൻ്റെ നിലയെ പരസ്പരം
ചിത്രമായ് പ്രകീർത്തനം ചെയ്യുവതിന്നർത്ഥം കാണൂ. (സങ്കല്പനിർവൃതി)

പുരോഗമനത്തിൽ പുരോഭാഗിയല്ല കവി. എന്നാൽ പുതിയ ലോകസൃഷ്ടിക്കു മുതിരുന്നവരോടു്,