പദ്യസാഹിത്യചരിത്രം. ഇരുപത്തിയഞ്ചാമദ്ധ്യായം

നവീനയുഗം (തുടർച്ച)

ഇന്നലെയെ നാമോർക്കണമിന്നിൽനി-
ന്നുന്നതമായ നാളയെത്തീർക്കുവാൻ

എന്നു് അദ്ദേഹം ഉൽബോധിപ്പിക്കാതിരിക്കുന്നുമില്ല. കക്ഷിപിടിച്ചും നിഷ്പക്ഷത വെടിഞ്ഞും കാവ്യനിരൂപണം ചെയ്യുന്ന ഒരുതരം വൈതാളികന്മാരെ ലാക്കാക്കിയാണ് കവി താഴെ കാണുന്ന വരികൾ എഴുതിയിട്ടുള്ളതെന്നു തോന്നുന്നു:

എത്രമേൽ മനോജ്ഞമാം മറ്റെന്തു വാക്യത്താലും
മിത്രങ്ങൾ വാഴ്ത്തിച്ചൊന്നാൽ കേൾക്കുവാൻ കൊള്ളാം, പക്ഷേ,
സത്യത്തെപ്പുൽകിടാത്ത ശബ്ദസഞ്ചയത്തിൻ്റെ
കൃത്രിമത്വത്തെക്കാണാമതിലെന്നൊരു തോന്നൽ!

കവിധർമ്മത്തെപ്പറ്റി കവി ഉദ്ഗാനം ചെയ്യുന്നതും ശ്രദ്ധേയമാണ്:

ഞാനൊരു കവിയാണോ, പാടുവാനറിയാമോ
ദൂനമാനസത്തിൻ്റെ മൂകമാമിതിവൃത്തം?
എന്മനോമുകുരത്തിൽ പ്രകൃതിപ്രേമത്തിൻ്റെ
നിർമ്മലപ്രതിബിംബം സത്യമായ്ക്കാണാറുണ്ടോ! (കലാദാസ്യം)

പഴയതെങ്കിലും അദ്ദേഹം ഉച്ചസ്വരത്തിൽ ആവർത്തിക്കുന്ന ‘സന്ദേശം’ ഒന്നു കൊണ്ടും അനാദരണീയമല്ല.