പദ്യസാഹിത്യചരിത്രം. ഇരുപത്തിയഞ്ചാമദ്ധ്യായം

നവീനയുഗം (തുടർച്ച)

സ്വർഗ്ഗമെന്നല്ലി,ങ്ങൊരു സിദ്ധിയും വേണ്ടാ, ലോകം
വർഗ്ഗവിദ്വേഷം കൂടാതിരുന്നാലതേ പോരും.

ലോകത്തിൻ്റെ, ഏട്ടിലപ്പടി പയറ്റിലിപ്പടി എന്ന മട്ടിലുള്ള കർമ്മവൈകൃതത്തെപ്പറ്റി കവി കുണ്ഠിതപ്പെടുന്നതു നോക്കുക:

വാക്കിലെസ്സംസ്കാരങ്ങൾ കർമ്മത്തിലില്ലാത്തോരു
വക്രതയാണീ ലോകത്തടിതൊട്ടറ്റത്തോളം.

വി. വി. കെ.യുടെ കൃതികൾ വായിക്കുമ്പോൾ, ”മൂകം കരോതി വാചാലം” – മൂകനെ വാചാലനാക്കുന്നു – എന്ന തത്ത്വം ഞാൻ പലപ്പോഴും അനുസ്മരിച്ചുപോകാറുണ്ട്. മിതപദങ്ങളെക്കൊണ്ട് അദ്ദേഹം വായനക്കാരെ വിശാലതയിലേക്കും വാചാലതയിലേക്കും കടത്തിവിടുന്നു. ചിന്തിക്കുവാനും പറയുവാനുമുള്ള വക അവയ്ക്കുള്ളിൽ ഉണ്ടായിരിക്കുമെന്നു സാരം.

പ്രധാനകൃതികൾ സുവർണ്ണമേഖല, മിശ്രവീചി, ഹൃദയഗായകൻ, അമൃതഗംഗ, ഭാവശൃംഖല, വല്ലകി, മണ്ണിൻ്റെ കവിത തുടങ്ങിയവയാണു്.